
കൊച്ചി: കൊച്ചിയില്‍ ചരക്കു കപ്പല്‍ മുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് പ്രതീക്ഷയേറുന്നു.
സമാനമായ സംഭവത്തില്‍ 2011-ല്‍ മുംബൈ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദേശീയ ഹരിതട്രിബ്യൂണല്‍ പിഴയിട്ടത് 100 കോടി രൂപയോളമാണ്. അന്ന് ഡെല്‍റ്റ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ എംവി റാക്ക് കപ്പലായിരുന്നു അപകടത്തിനിരയായത്.
60,054 മെട്രിക് ടണ്‍ കല്‍ക്കരിയുമായി ഗുജറാത്തിലെ ദഹേജ് തുറമുഖത്തേക്കെത്തിയ കപ്പലാണ് മുങ്ങിയത്. 290 ടണ്‍ ബങ്കര്‍ ഇന്ധനവും 50 ടണ്‍ ഡീസലും കപ്പലിലുണ്ടായിരുന്നു. സാങ്കേതികത്തകരാറായിരുന്നു അപകടകാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കപ്പലില്‍നിന്ന് പടര്‍ന്ന എണ്ണ കടലിനെ മലിനമാക്കുകയും മത്സ്യസമ്പത്തടക്കം നശിപ്പിക്കുകയും ചെയ്തു. തീരത്തെ കണ്ടലുകളെയും ബാധിച്ചു. കടലില്‍ അടിഞ്ഞ കല്‍ക്കരി ഭാവിയിലും ഭീഷണിയാണെന്നും വിലയിരുത്തിയായിരുന്നു കപ്പല്‍ കമ്പനിക്ക് പിഴചുമത്തിയത്.
പരിസ്ഥിതിപ്രവര്‍ത്തകന്‍ സമീര്‍ മേത്തയാണ് ഹരിതട്രിബ്യൂണലിനെ സമീപിച്ചത്. അദാനി കമ്പനിക്കുവേണ്ടി കൊണ്ടുവന്നതായിരുന്നു കല്‍ക്കരി. കപ്പല്‍ ഉടമയും അദാനി കമ്പനിയും വീഴ്ചയില്ലെന്ന വാദമാണ് ഉന്നയിച്ചത്. എന്നാല്‍, പരിസ്ഥിതിസംരക്ഷണ നിയമം, ജലനിയമം, ദേശീയ ഹരിതട്രിബ്യൂണല്‍ ആക്‌ട്, മര്‍ച്ചന്റ് ഷിപ്പിങ് ആക്‌ട്, പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് ആക്‌ട്, മാരിടൈം സോണ്‍ ആക്‌ട്, പൊല്യൂട്ടര്‍ പേ പ്രിന്‍സിപ്പല്‍ നിയമം എന്നിവ പ്രകാരം കപ്പല്‍ കമ്പനി കുറ്റക്കാരാണെന്ന് ഹരിതട്രിബ്യൂണല്‍ കണ്ടെത്തി.







