കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷ എഴുതുന്നവരെല്ലാം മണ്ടന്മാരോ..? സി പി എമ്മും എസ് എഫ് ഐ യും പോക്കറ്റിലുണ്ടെങ്കിൽ ആർക്കും പൊലീസാകാം: ആളെ ഉരുട്ടിക്കൊല്ലുന്ന പൊലീസ് പരീക്ഷ എഴുതാതെ പാസായവരോ

കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷ എഴുതുന്നവരെല്ലാം മണ്ടന്മാരോ..? സി പി എമ്മും എസ് എഫ് ഐ യും പോക്കറ്റിലുണ്ടെങ്കിൽ ആർക്കും പൊലീസാകാം: ആളെ ഉരുട്ടിക്കൊല്ലുന്ന പൊലീസ് പരീക്ഷ എഴുതാതെ പാസായവരോ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച് പി എസ്.സി പരീക്ഷ എഴുതുന്നവരെല്ലാം വെറും മണ്ടന്മാരോ..? സി പി എമ്മിനെയും എസ് എഫ് ഐ യുടെയും ഇഷ്ടക്കാരെ കുത്തിത്തിരുകാനുള്ള വേദിയായി പി.എസ്.സിയും പൊലീസും മാറി. ഇതിന്റെ ഭാഗമായാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പി.എസ്.സി അംഗങ്ങളുടെ എണ്ണം സർക്കാർ കയ്യും കണക്കുമില്ലാതെ വർധിപ്പിച്ചതും. ഇതെല്ലാം ചേർത്ത് വായിക്കുമ്പോഴാണ് സംസ്ഥാനത്തെ പി.എസ്.സി സംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയെ ബാധിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി സംവിധാനത്തെ അടച്ച് ആക്ഷേപിച്ച മലയാളികൾക്ക് ലഭിച്ച തിരിച്ചടിയാണ് യൂണിവേഴ്സിറ്റി കോളജ് വിഷയത്തോടെ ഇപ്പോൾ കേരളത്തിലും പൊന്തി വന്നിരിക്കുന്നത്. പണവും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും പൊലീസ് അടക്കമുള്ള സംസ്ഥാനത്തെ തന്ത്രപ്രധാനമായ മേഖലകളിലെല്ലാം കടന്ന് ചെല്ലാനാവുമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന വിവരങ്ങൾ.
ഒരാഴ്ച മുൻപാണ് പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ  ഫലം പ്രഖ്യാപിച്ചത്. അതിൽ കാസർകോട് ബറ്റാലിയനിൽ ഒന്നാം റാങ്ക്  ശിവരഞ്ജിത്ത്, രണ്ടാം  റാങ്ക് പ്രണവ്, ഇരുപത്തി എട്ടാം റാങ്ക്  നസീം എന്നിവർക്ക് ലഭിച്ചു.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ശിവരഞ്ജിത്തും നസീമും. എസ്എഫ്ഐയുടെ കറകളഞ്ഞ ഗുണ്ടകളാണ് ഇവർ.

എഴുത്ത് പരീക്ഷയിൽ മാത്രം ശിവരഞ്ജിത്ത് നേടിയത് 78.33 മാർക്കാണ്. പ്രണവ് ആകട്ടെ 78 മാർക്കും. യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് ഭാരവാഹിയാണ് ഇവർ.കേരളത്തിലെ എല്ലാ ബറ്റാലിയൻ കൂടെ നോക്കിയാലും ഇവർ രണ്ട് പേരുമാണ് മുന്നിട്ട് നിൽക്കുന്നത്. അടുത്തെങ്ങും ആരുമില്ല.
നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാൾ പോലീസുകാരെ പൊതുനിരത്തിൽ വളഞ്ഞിട്ട് തല്ലിയത്.അക്രമംനടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾറൂമിൽനിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാൻ പോലീസ് തയ്യാറായത്. കേസിൽനിന്ന് ഒഴിവാക്കാനും വൻ സമ്മർദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാൾ എത്താറുണ്ട്. മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളിൽ വാർത്തവന്നതോടെയാണ് അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റി കോളേജിൽ സജീവമായത്.
അക്രമ രാഷ്‌ട്രീയവും കത്തികുത്തുമായി നടക്കുന്ന ഇവർക്ക്  ഉന്നതവിജയം നേടിയത് സംശയത്തിനിട നൽകുന്നു. ഈ പരീക്ഷ എഴുതിയവർക്ക് അറിയാം എത്രത്തോളം കഠിനമായിരുന്നുവെന്ന്. എന്നിട്ടും മുൻപ് ഒരു പരീക്ഷയിലും മികവ് കാട്ടാത്ത ഇവർക്ക് എങ്ങനെ 78 മാർക്ക് വാങ്ങിക്കാൻ കഴിഞ്ഞു. കാസർകോട് ബറ്റാലിയനിൽ എഴുത്ത് പരീക്ഷയിൽ മൂന്നാമത്തെ ഉയർന്ന മാർക്ക് നേടിയ ആൾക്ക് കിട്ടിയത് 71 മാത്രം. ലക്ഷങ്ങൾ എഴുതിയ ഒരു പരീക്ഷക്ക് ഒരിക്കലും ഇങ്ങനെ വ്യത്യാസം വരുക അസാധ്യം. പരമാവധി 2 മാർക്കാണ് വ്യത്യാസം വരുക. പി. എസ്.സിയുടെ ഏത് റാങ്ക്ലിസ്റ്റ് പരിശോധിച്ചാലും  അതു മനസിലാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ മൂന്നു പേരും പരീക്ഷ എഴുതിയത് യൂണിവേഴ്സിറ്റി കോളേജിൽ തന്നെയാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉണ്ട്.  എന്നാൽ ഇത് സംബന്ധിച്ച് വ്യക്തത ഇനിയും വരേണ്ടതുണ്ട്. ഇതിനിടെ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ നടന്ന ഇരുട്ടി കൊലപാതകങ്ങളിൽ പലതിനും പിന്നിൽ സി പി എം സ്വാധീനമുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇവരെല്ലാം ഇത്തരത്തിൽ നിയമനം നേടിയതാണോ എന്നതാണ് ഇനി പരിശോധിക്കപ്പെടേണ്ടത്. ഈ സാഹചര്യത്തിൽ പി.എസ്.സി വഴി നടത്തിയ നിയമനങ്ങളെല്ലാം പുനപരിശോധിക്കേണ്ട ആവശ്യകതയിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.