സ്‌കൂൾ കലോത്സവ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും;കലോത്സവ മാനുവൽ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ; തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

സ്‌കൂൾ കലോത്സവ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും;കലോത്സവ മാനുവൽ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ; തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

സ്വന്തം ലേഖകൻ
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കോഴിക്കോട്‌ ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ 2023 ജനുവരി 2 തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

പ്രസ്തുതചടങ്ങിൽ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനും തിരുവമ്പാടി എം.എൽ.എ. യുമായ ലിന്റോജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ കലോത്സവത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ കെ ജീവൻബാബു ഐ.എ.എസ്. ജനറൽകൺവീനർ സി.എ. സന്തോഷ്,ഡോ. അനിൽ പി.എം. ആർ.ഡി.ഡി. കോഴിക്കോട്, ശ്രീ. മനോജ്കുമാർ.സി , ഡി.ഡി.ഇ. കോഴിക്കോട് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.

കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്. കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന നിരീക്ഷണം പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യകരമായ മത്സരമാണ് കലോത്സവത്തിൽ ഉണ്ടാകേണ്ടത്. സംസ്ഥാന കലോത്സവത്തിൽ സ്റ്റേജ് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം. വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനം. അവസരങ്ങളിലെ തുല്യതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കുക. കലോത്സവ മാനുവൽ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.