സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെൻറ് വി.എച്ച്‌.എസ്‌എസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും

സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെൻറ് വി.എച്ച്‌.എസ്‌എസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സ്‌കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെൻറ് വി.എച്ച്‌.എസ്‌എസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ ആന്റണി രാജു, ജി. ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവി മുരുകൻ കാട്ടാക്കട രചിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ എന്ന പ്രവേശനോത്സവ ഗാനത്തിന്റെ സി.ഡി കുട്ടികള്‍ക്ക് നല്‍കി മന്ത്രി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു. വിജയ് കരുണ്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്.

സ്‌കൂള്‍ പ്രവേശനത്തിന്റെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലെയും
പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഗതാഗതം, ശുചീകരണം, കുടിവെള്ളം, സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിര്‍മാര്‍ജനം, ദുരന്തനിവാരണ ബോധവല്‍ക്കരണം, കൗണ്‍സിലിംഗ് എന്നിവയെല്ലാം പൂര്‍ത്തിയായി വരുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വനിതാ ശിശുവികസന വകുപ്പ് ഏര്‍പ്പെടുത്തിയ കൗണ്‍സിലര്‍മാര്‍ 1012 പൊതുവിദ്യാലയങ്ങളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പൊതുവിദ്യാലയങ്ങളില്‍ കൗണ്‍സിലര്‍മാരുടെ സേവനം ഏര്‍പ്പെടുത്തും. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലികള്‍ ചേരും. ലഹരിവിരുദ്ധ കര്‍മ്മപരിപാടി എല്ലാ സ്‌കൂളുകളിലും ആരംഭിച്ചിട്ടുണ്ട്. ‘കാവലാള്‍’ എന്ന പേരില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കും. ഇതിനുപുറമേ ചില സ്‌കൂളുകളില്‍ ഷാഡോ പോലീസിനെ വിന്യസിക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ 95 ശതമാനവും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. സ്ഥിരം അധ്യാപകര്‍ ഇല്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ അതിഥി അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുമ്ബോള്‍ പി.എസ്.സി ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മുൻഗണന നല്‍കും. എന്നാല്‍ ഇത് എയ്ഡഡ് സ്‌കൂളുകള്‍ക്ക് ബാധകമല്ല. ഇങ്ങനെ അതിഥി അധ്യാപകരെ നിയമിക്കുന്നതിനാല്‍ വിഷയങ്ങള്‍ പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉണ്ടാവില്ല. കേന്ദ്രവിദ്യാഭ്യാസ നയപ്രകാരം എല്‍.പി വിഭാഗത്തില്‍ ഒരു അധ്യായന വര്‍ഷം 800 മണിക്കൂറുകളും യു.പിയില്‍ 1000 മണിക്കൂറുകളും ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളില്‍ 1200 മണിക്കൂറുകള്‍ വീതവുമാണ് അധ്യയനം വിഭാവനം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍അധ്യാപക സംഘടനകള്‍, മറ്റ് വിദഗ്ധര്‍ എന്നിവരുമായി ആലോചിച്ച്‌ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഹയര്‍ സെക്കൻഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം പിൻവലിച്ചു എന്ന് യൂട്യൂബ് വഴി വ്യാജ വാര്‍ത്ത നല്‍കി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയ കൊല്ലം സ്വദേശിയായ പഞ്ചായത്ത് അംഗം നിഖില്‍ മനോഹറിനെ അറസ്റ്റ് ചെയ്തതായി മന്ത്രി അറിയിച്ചു. അങ്ങേയറ്റം അപലപനീയമായ പ്രവര്‍ത്തിയാണ് പഞ്ചായത്ത് അംഗം നടത്തിയതെന്ന് മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്ന മലയിൻകീഴ് സ്‌കൂളില്‍ മെയ് 30, 31, ജൂണ്‍ 1 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി പ്രദേശത്തിന്റെ ഉത്സവമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവത്തിന്റെ പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ഡയറക്ടര്‍ ഷാനവാസ് എസ്, മഞ്ജരി, മുരുകൻ കാട്ടാക്കട, വിജയ് കരുണ്‍ എന്നിവരും പങ്കെടുത്തു.

Tags :