സാജന്റെ സ്വപ്‌നത്തിന് അനുമതി : ജീവൻ കൊടുത്താൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രവർത്തന അനുമതി കിട്ടും ; പാർത്ഥ കൺവെൻഷൻ സെന്റർ ഉടൻ തുറക്കും

സാജന്റെ സ്വപ്‌നത്തിന് അനുമതി : ജീവൻ കൊടുത്താൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രവർത്തന അനുമതി കിട്ടും ; പാർത്ഥ കൺവെൻഷൻ സെന്റർ ഉടൻ തുറക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി മലയാളി സാജന്റെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയ ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പൂർണ അനുമതി നൽകും. ചട്ടം ലംഘനങ്ങൾ പരിഹരിച്ചെന്ന് ആന്തൂർ നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. തന്റെ സ്വപ്ന പദ്ധതിയായ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്ത് സാജൻ ആത്മഹത്യ ചെയ്തത് സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നു കണ്ടെത്തിയാണ് ലൈസൻസ് നിഷേധിച്ചത്.കൺവെൻഷൻ സെന്ററിന് മനപൂർവ്വം അനുമതി നിഷേധിച്ചതിനെ തുടർന്ന് സസ്പെൻഷനിലായവർക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നു. പാർത്ഥ കൺവെൻഷൻ സെന്ററിൽ തുറസായ സ്ഥലത്ത് ജലസംഭരണിയും മാലിന്യ സംസ്‌കരണ സംവിധാനവും സ്ഥാപിച്ചു എന്നതടക്കം നാല് ചട്ടലംഘനങ്ങളാണ് ഇവർ കണ്ടെത്തിയത്. തുറസായ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന കേരള ബിൽഡിംഗ് റൂൾ ചട്ടം ലംഘിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. തുറസായ സ്ഥലത്താണ് ജലസംഭരണിയും മാലിന്യസംസ്‌കരണസംവിധാനവും സ്ഥാപിച്ചിരിക്കുന്നത്. കൺവെൻഷൻ സെന്ററിലേക്ക് കയറുന്നതിനുള്ള റാംപിന് ചെരിവ് കുറവാണ്. ബാൽക്കണിയുടെ കാർപ്പറ്റ് ഏരിയ വിസ്തീർണം അനുവദിച്ചിരിക്കുന്നതിലും കൂടുതലാണ്. ആഡിറ്റോറിയത്തിൽ ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ തകരാറുകൾ പരിഹരിച്ചാൽ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാം എന്നുള്ള റിപ്പോർട്ട് ചീഫ് ടൗൺ പ്ലാനർ പ്രമോദ് കുമാറാണ് കഴിഞ്ഞ ദിവസം മന്ത്രി എ.സി.മൊയ്തീന് സമർപ്പിച്ചത്. തുടർന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് കൺവെൻഷൻ സെന്ററിന് അനുമതി നൽകാൻ ഉത്തരവിറക്കിയത്.