അട്ടപ്പാടിയിലെ ശിശുമരണത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ തർക്കം
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ കൊമ്പുകോർത്തു. അട്ടപ്പാടിയിലെ ശിശുമരണ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ മന്ത്രി വീണാ ജോർജ് പറഞ്ഞത് ‘ആരോപണങ്ങൾ ഉന്നയിച്ചാൽ പോരാ, എം.എൽ.എമാർ സ്ഥലം സന്ദർശിക്കണം’ എന്നായിരുന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, തുടർന്ന് നിയമസഭ നിർത്തിവയ്ക്കുകയും ചെയ്തു.
അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിലെ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. എൻ ഷംസുദ്ദീൻ എം.എൽ.എയാണ് അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. കോട്ടത്തറ ആശുപത്രി മതിയായ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്നും കോട്ടത്തറ ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും ആവശ്യത്തിന് ജീവനക്കാരില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ ആരോപിച്ചു. തുടർന്ന് കോട്ടത്തറ ആശുപത്രിയെ കുറിച്ച് പ്രതിപക്ഷ നേതാവും പരാമർശിച്ചു. അവിടെ അനുവദിച്ച 12 കോടി രൂപ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്ക് കൈമാറിയെന്നും ആരോപണമുയർന്നിരുന്നു. ഇതിനെതിരെ ഭരണപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കിയപ്പോൾ സ്പീക്കറും മുഖ്യമന്ത്രിയും ഇടപെട്ട് മന്ത്രിക്ക് പറയാനുള്ളത് കേൾക്കണമെന്ന് പറഞ്ഞു.
ഇതിന് മറുപടിയുമായി എഴുന്നേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഫണ്ട് വകമാറ്റിയെന്ന ആരോപണം നിഷേധിച്ചു. കോട്ടത്തറ ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും 117 താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിച്ചതടക്കം മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടയിൽ പ്രതിപക്ഷ ബെഞ്ചുകളിൽ നിന്ന് വീണ്ടും ബഹളമുണ്ടായി. അപ്പോൾ ‘ആരോപണം ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങൾ അവിടെപ്പോയി സന്ദർശിച്ചിട്ടുണ്ടോ’ എന്ന് മന്ത്രി ചോദിച്ചു. ഇല്ല എന്ന മറുപടി വന്നപ്പോൾ ‘അവിടെ പോയ ശേഷം ആരോപണങ്ങൾ ഉന്നയിക്കുക’എന്ന് മന്ത്രി പറഞ്ഞു. ഭരണപക്ഷത്ത് വീണ്ടും ബഹളമുണ്ടായപ്പോൾ സഭ നിർത്തിവയ്ക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group