കാലാവസ്ഥ അനുകൂലം, എങ്കിലും വില താഴേക്ക് തന്നെ; 192 രൂപയിൽ നിന്നും റബ്ബർ വില  179 രൂപയിലേക്ക് എത്തിയത് ദിവസങ്ങൾ കൊണ്ട്

കാലാവസ്ഥ അനുകൂലം, എങ്കിലും വില താഴേക്ക് തന്നെ; 192 രൂപയിൽ നിന്നും റബ്ബർ വില 179 രൂപയിലേക്ക് എത്തിയത് ദിവസങ്ങൾ കൊണ്ട്

സ്വന്തം ലേഖകൻ

ആലപ്പുഴ: മഴ മാറി ടാപ്പിങ് പുനരാരംഭിച്ചതോടെ റബ്ബർവില കുത്തനെ വീണു. 192 രൂപവരെ ഉയർന്ന വില ഏതാനും ദിവസങ്ങൾകൊണ്ട് 179 ആയി കുറഞ്ഞു. എങ്കിലും അധികംവൈകാതെ വിലസ്ഥിരത നേടുമെന്നാണ് വിപണി നിരീക്ഷിക്കുന്നവർ പറയുന്നത്.

റബ്ബറിൽ നിന്ന് ഏറ്റവുംകൂടുതൽ ഉത്പാദനം കിട്ടുന്ന സമയമാണ് നവംബർ-ഡിസംബർ മാസങ്ങൾ.കഴിഞ്ഞ വർഷം ഈ സമയത്ത് ദിവസം കുറഞ്ഞത് നൂറ് ലിറ്റർ റബ്ബർ പാൽ ശേഖരിക്കുന്നതായിരുന്നു. എന്നാൽ, ഈ വർഷം അത് 65 ലിറ്ററിനും 70 ലിറ്ററിനും ഇടയിലായി ചുരുങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമിക്രോൺ വൈറസിന്റെ വ്യാപനത്തോടെ ചൈനയിലെ ഷാങ്ഹായി വിപണിയിൽ നെഗറ്റീവ് പ്രവണത കാണിച്ചിരുന്നെങ്കിലും ഇവിടത്തെ വിലക്കുറവിന്‌ ഇതുകാരണമല്ല. ടാപ്പിങ് കൂടി വിപണിയിലേക്ക് കൂടുതൽ റബ്ബർ എത്തിയതാണ് വിലകുറയാൻ മുഖ്യകാരണം. വില കുറയുന്നതു മനസ്സിലാക്കി സ്റ്റോക്ക്‌ കൈയിലുള്ളവർ വിറ്റുതീർക്കുന്നതും ഡിമാൻഡ് കുറച്ചു. കടത്തുകൂലി മൂന്നിരട്ടിയോളം കൂടിയിട്ടും ഇറക്കുമതിചെയ്യാൻ വൻകിട കമ്പനികൾ ശക്തമായി രംഗത്തുണ്ട്.

നവംബറിലെ ഇറക്കുമതി 56000 ടണ്ണായി ഉയർന്നു. നാട്ടിലെ വിലയിൽ കുറവുവരുത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണിതെന്നു പറയുന്നു. എന്നാൽ, പ്രമുഖ റബ്ബറുത്പാദക രാജ്യങ്ങളിലെല്ലാം ഡിസംബറിൽ സീസൺ അവസാനിക്കുകയാണ്. കമ്പനികൾക്ക് കരുതൽശേഖരത്തിലേക്കും അടുത്ത പീക്ക് സീസണിലേക്കും ആവശ്യമുള്ള റബ്ബർ കിട്ടാൻ ഇറക്കുമതികൊണ്ടു മാത്രം കഴിയില്ല. അതിനാൽ നാട്ടിൽനിന്നു വാങ്ങാൻ അവർ നിർബന്ധിതരാകുമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഇറക്കുമതിക്ക് പുതിയ കരാറുകളിൽ ഏർപ്പെടാൻ ഇനി സമയമില്ല. നേരത്തേയുള്ള കരാറനുസരിച്ചുള്ള ഇറക്കുമതിയാണ് ഇപ്പോൾ നടക്കുന്നത്. എങ്കിലും നാട്ടിൽനിന്ന്‌ അത്യാവശ്യം വാങ്ങുന്നുമുണ്ട്.

കേരളത്തിലെ സീസൺ ഫെബ്രുവരി പകുതിയോടെയേ തീരൂ. ഈവർഷം തുടർച്ചയായി മഴയായിരുന്നതിനാൽ വിപണിയിലേക്ക് റബ്ബർ ആവശ്യത്തിനു വന്നിട്ടില്ല. സീസൺ തീരുന്നതിനുമുൻപുള്ള ദിനങ്ങൾ കുറവായതിനാൽ അധികദിവസം കമ്പനികൾക്കു വിട്ടുനിൽക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ. വൈകാതെ വിലസ്ഥിരതയുണ്ടാകുമെന്നു കണക്കാക്കാൻ ഇതാണുകാരണം.

200 രൂപയിലേക്കു വിലയെത്തുമെന്ന സ്ഥിതിയിൽനിന്നാണ് വില പെട്ടെന്നുവീണത്. കേരളത്തിലെ ഏറ്റവും പീക്ക് സീസണാണ് ഈ മാസങ്ങൾ. ഇപ്പോഴും വില ഭേദപ്പെട്ട നിലയിലായതിനാൽ കർഷകർ റബ്ബർവെട്ട് ഊർജിതമാക്കുമെന്നുറപ്പാണ്. ഇതോടെ കൂടുതൽ റബ്ബർ വിപണിയിലെത്തുകയും വില താഴെപ്പോകുകയും ചെയ്യുന്നതാണ് എല്ലാ സീസണിലെയും പതിവ്. എന്നാൽ, ഈ വർഷം വാങ്ങൽദിനങ്ങൾ ഇനി കുറവായതും ഇറക്കുമതിച്ചെലവു കൂടിയതും വലിയ തകർച്ചയുണ്ടാകാതെ വിലസ്ഥിരതയ്ക്കു സഹായിക്കുമെന്നാണു വിലയിരുത്തൽ.