
കപ്പില്ലാത്ത ടീമെന്ന നാണക്കേട് ആര്‍സിബി ഒഴിവാക്കി ; സ്മൃതി സാധ്യമാക്കി! വനിതാ പ്രീമിയര്‍ ലീഗില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കന്നിക്കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജേതാക്കള്‍. ഇന്നലെ നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി കന്നിക്കിരീടം നേടിയത്.
ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് പുറത്തായി. ആര്‍സിബി 19.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മെഗ് ലാനിംഗും, ഷെഫാലി വര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. ഏഴോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി. പിന്നീട് ഡല്‍ഹി ബാറ്റിംഗ് നിര തകര്‍ന്ന് തരിപ്പണമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

27 പന്തില്‍ 44 റണ്‍സെടുത്ത ഷെഫാലി വര്‍മയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഷെഫാലി പുറത്തായതാണ് ഡല്‍ഹിയുടെ തകര്‍ച്ചയുടെ തുടക്കം. തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതെ ജെമിമ റോഡ്രിഗസും, അലൈസ് കാപ്‌സിയും പുറത്തായി. മൂവരെയും പുറത്താക്കിയത് ആര്‍സിബിയുടെ സ്പിന്നറായ സോഫി മൊലിന്യുസായിരുന്നു. അധികം വൈകാതെ മെഗ് ലാനിംഗും പുറത്തായി. 23 റണ്‍സായിരുന്നു താരത്തിന്റെ സമ്ബാദ്യം.
മരിസനെ കാപ്പ്-8, ജെസ് ജൊനാസണ്‍-3, രാധ യാദവ്-12, മലയാളി താരം മിന്നു മണി-5, അരുന്ധതി റെഡ്ഢി-10, ശിഖ പാണ്ഡെ-5 (നോട്ടൗട്ട്), താനിയ ഭാട്ടിയ-0 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം. ആര്‍സിബിക്കു വേണ്ടി ശ്രേയങ്ക പാട്ടില്‍ നാലു വിക്കറ്റും, മലയാളി താരം ശോഭന ആശ രണ്ട് വിക്കറ്റും വീഴ്ത്തി.
ആര്‍സിബി ബാറ്റര്‍മാരുടെ മികച്ച പ്രകടനം വിജയം അനായാസമാക്കി. സ്മൃതി മന്ദാന 31 റണ്‍സെടുത്തു. സോഫി ഡെവിന്‍ 32 റണ്‍സിന് പുറത്തായി. എലൈസ് പെറിയും (35 റണ്‍സ്), റിച്ച ഘോഷും (17 റണ്‍സ്) പുറത്താകാതെ നിന്നു. ഡല്‍ഹിക്കു വേണ്ടി ശിഖ പാണ്ഡെയും, മിന്നു മണിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. വനിതാ പ്രീമിയര്‍ ലീഗിലെ കന്നിക്കിരീട നേട്ടത്തോടെ കപ്പില്ലാത്ത ടീമെന്ന നാണക്കേട് ആര്‍സിബി ഇതോടെ ഒഴിവാക്കി.