ഒരു വർഷം മുൻപ് വെള്ളത്തിൽ മു്ങ്ങിയ കേരളം ഇക്കുറി വരണ്ടുണങ്ങി: കാലവർഷം ചതിച്ചതോടെ കേരളത്തിൽ വെള്ളം വൈദ്യുതി പ്രതിസന്ധി; മുന്നോട്ട് മഴയെങ്ങനെയെന്ന ആശങ്കയിൽ മലയാളി നാട്

ഒരു വർഷം മുൻപ് വെള്ളത്തിൽ മു്ങ്ങിയ കേരളം ഇക്കുറി വരണ്ടുണങ്ങി: കാലവർഷം ചതിച്ചതോടെ കേരളത്തിൽ വെള്ളം വൈദ്യുതി പ്രതിസന്ധി; മുന്നോട്ട് മഴയെങ്ങനെയെന്ന ആശങ്കയിൽ മലയാളി നാട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ വെളത്തിൽ മുങ്ങിക്കിടന്ന കേരളം ഇക്കുറി ഇക്കുറി വരണ്ടുണങ്ങി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂൺ മാസമാണ് ഇക്കുറി കടന്നു പോകുന്നത്. ഡാമുകളിലും ഇവയുടെ വൃഷ്ടി പ്രദേശങ്ങളിലും പേരിനു പോലും മഴകിട്ടാതായതോടെ ഇ്ക്കുറി വെള്ളത്തിനു പിന്നാലെ വൈദ്യുതിയിലും പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പായി. ഡാമുകൾ നിറഞ്ഞു കവിഞ്ഞ ഒരു വർഷത്തിന് ശേഷമാണ് ഇക്കുറി വെള്ളവും വെളിച്ചവുമില്ലാത്ത ജൂലായിലേയ്ക്ക് കടക്കാൻ കേരളം ഒരുങ്ങുന്നത്. ജൂലായിൽ മഴ ലഭിച്ചില്ലെങ്കിൽ കേരളം ഇത്തവണ വരണ്ടുണങ്ങും.

നൂറ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും വരണ്ട ജൂൺ മാസമാണ് ഇക്കുറി കടന്നുപോയത്. വേനൽ മഴ കുറഞ്ഞതിന് പിന്നാലെ കാലവർഷവും ശക്തമാക്കാത്തത് തിരിച്ചടി ഇരട്ടിയാക്കി. മഴ കുറഞ്ഞതോടെ കാർഷിക രംഗവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. വയനാട്ടിൽ 55 ശതമാനവും ഇടുക്കിയിൽ 48 ശതമാനവും മഴകുറവാണ് രേഖപ്പെടുത്തിയത്. ഇതിനിടെയാണ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ നൽകി മഴ വീണ്ടും പെയ്തു തുടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്കൻ കാലവർഷം കേരളത്തിൽ ശക്തിപ്പെടുന്നില്ല. എങ്കിലും ചെറിയ മഴ തെക്കൻ കേരളത്തിലും പെയ്തു. പാലക്കാട് ഒറ്റപ്പാലത്തിൽ 6 സെന്റിമീറ്ററും മലപ്പുറം പെരിന്തൽമണ്ണയിൽ 3 സെന്റിമീറ്ററും മഴ ലഭിച്ചു. കോട്ടയം കോഴയിലും പാലക്കാട് മണ്ണാർകാടിലും മലപ്പുറം അങ്ങാടിപ്പുറത്തും വയനാട് വൈത്തിരിയിലും 2 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ഇടുക്കി പീരുമേടിലും കോഴിക്കോട് കൊയിലാണ്ടിയിലും കാസർകോട് കുടുലുവിലും ഒരു സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ജൂലൈ 2 മുതൽ 6 വരെ കേരളത്തിലും ലക്ഷദ്വീപിലും ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ജൂലൈ 2, 3, 4, 5 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ജൂലൈ 2 ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ജൂലൈ 4 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

കൊല്ലം ജില്ലയിൽ 34ശതമാനം മഴ കുറവ്. മൂന്നരപ്പതിറ്റാണ്ടിനിടെ ജില്ലയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ജൂണിൽ ലഭ്യമായത്. കിഴക്കൻ മലയോര മേഖലയിൽ മഴ ദുർബലമായതിനാൽ പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 98.8 മീറ്ററാണ് ചൊവ്വാഴ്ച അണക്കെട്ടിൽ രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 110.58മീറ്ററായിരുന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 115.82 മീറ്ററാണ്. ഇടയ്ക്കു മഴ ലഭിക്കുന്നതിനാൽ നിലവിൽ കുടിവെള്ള ക്ഷാമം ഇല്ല. എന്നാൽ, സ്ഥിതി തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് അധികൃതർ പറഞ്ഞു. കെഐപി കനാൽ നേരത്തെ അടച്ചതിനാൽ കനാൽ തീരങ്ങളിൽ കുടിവെള്ള ക്ഷാമം തുടങ്ങി. ശാസ്താംകോട്ട തടാകത്തിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഇത് നഗരത്തിൽ ഉൾപ്പടെ ജലവിതരണത്തെ ബാധിക്കും. തോടുകളും കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങി. പാരിപ്പള്ളിയിലും പരിസരങ്ങളിലും ജൂൺ ആദ്യം തന്നെ കിണറുകൾ വറ്റിവരണ്ടു. കർഷകരും പ്രതിസന്ധിയിലായി.

പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇനിയും ശക്തമായ മഴ കിട്ടിയിട്ടില്ല. 226 ദശലക്ഷം ഘനമീറ്റർ പരമാവധി സംഭരണ ശേഷിയുള്ള മലമ്പുഴയിൽ ചൊവ്വാഴ്ചയുള്ളത് 26.04 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രം. ആകെ ശേഷിയുടെ 11.52 ശതമാനം മാത്രമാണിത്. കഴിഞ്ഞ വർഷം ഈ സമയം 100.69 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയില്ലെങ്കിൽ പാലക്കാട് നഗരസഭയും സമീപത്തെ ആറ് പഞ്ചായത്തുകളും രൂക്ഷമായ കുടിവെള്ള പ്രശ്നം അഭിമുഖീകരിക്കേണ്ടിവരും. മലമ്പുഴ മാത്രമല്ല, പാലക്കാട് ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും പ്രളയത്തിൽ ചെളിയും മണലും വ്യാപകമായി അടിഞ്ഞിട്ടുണ്ട്. അതിനാൽ സംഭരണശേഷിയും കുറഞ്ഞിട്ടുണ്ട്.

ജൂൺ രണ്ടാം വാരത്തോടെ സംസ്ഥാനത്ത് കാലവർഷം എത്തിയിരുന്നെങ്കിലും ദുർബലമാവുകയായിരുന്നു. സാധാരണയായി ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്റെ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് വേനൽ മഴയും സംസ്ഥാനത്ത് ലഭിച്ചില്ല. ഇനിയിം മഴ വൈകിയാൽ സ്ഥിതി വഷളാകും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ജലനിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി. കൂടംകുളം വൈദ്യുതി ലൈൻ പൂർത്തിയായിരുന്നെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമായേനും മന്ത്രി കൊച്ചിയിൽ പറഞ്ഞു.

അടുത്ത ദിവസങ്ങളിൽ തന്നെ മഴ പെയ്തില്ലെങ്കിൽ ലോഡ്ഷെഡ്ഡിങ് വേണ്ടി വരുമെന്നാണ് സൂചന. നിശ്ചിത ഇടവേളകളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. നാലാം തീയതി ചേരുന്ന വൈദ്യുതി ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.