Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളപ്പോൾ ആറു ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 21 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

video
play-sharp-fill

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ പന്തലായനിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പന്തലായനി സ്വദേശിയായ നാഗരാജന്റെ വീടിന് ഇടിമിന്നലേറ്റത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ തറയിലും ഭിത്തികളിലും വിള്ളലുകൾ രൂപപ്പെട്ടതായാണ് വിവരം.

അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 17 മുതൽ 19 വരെ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരപ്രദേശം, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ, ശ്രീലങ്കൻ തീരം, ഒഡീഷ തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ പ്രസ്തുത മേഖലകളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group