Spread the love

സംസ്ഥാനത്ത് വേനല്‍മഴയ്‌ക്കൊപ്പം ഭീതിജനിപ്പിച്ച്‌ അപ്രതീക്ഷിത കൊടുങ്കാറ്റും ഇടിമിന്നലും. കൂമ്പാരമേഘങ്ങളുടെ (കുമുലോനിംബസ്) ഘടനമാറുന്നത് അതിതീവ്രമായ മിന്നലിനും ഇടയാക്കുന്നു.

video
play-sharp-fill

മണ്‍സൂണിനും അതിനുശേഷവും ഉണ്ടാകുന്ന ‘കോണ്‍വെക്ടീവ് സ്‌റ്റോം(തണ്ടര്‍ സ്‌റ്റോം) ആണ് കാറ്റിനും മിന്നലിനും കാരണം. ഇന്നലെ വേനല്‍ മഴയില്‍ പരക്കേ കനത്ത കാറ്റും മഴയും മിന്നലും ഉണ്ടായതിനു പിന്നിലും കൂമ്പാരമേഘങ്ങളും തണ്ടര്‍ സ്‌റ്റോം എന്ന പ്രതിഭാസവുമാണ്. ഭൂമിയുടെ ഉപരിതലത്തിനോട് ചേര്‍ന്ന് വീശിയടിക്കുന്ന ശക്തമായ അടിക്കാറ്റ് വേനല്‍മഴയിലെ പ്രത്യേകതയാണ്.

ഇത് കനത്ത നാശമാണു സൃഷ്ടിക്കുന്നത്. ചുരുങ്ങിയ നേരം മാത്രമേ ഇത്തരം കാറ്റ് നീണ്ടുനില്‍ക്കുകയുള്ളൂ. തണ്ടര്‍ സ്‌റ്റോം സംബന്ധിച്ച്‌ കുസാറ്റിലെ അഡ്വന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച്‌ വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരം മിന്നല്‍, അടിക്കാറ്റ്, കനത്തമഴ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ള കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകള്‍. കടല്‍ത്തീര മേഖലകളില്‍ കനത്തമഴ ലഭിക്കുമ്പോള്‍ പശ്ചിമഘട്ട മലനിരകളിലും അടിവാരങ്ങളിലും മഴയെക്കൂടാതെ ശക്തമായ ഇടിമിന്നലും ഉണ്ടാകും. ഉരുള്‍പൊട്ടുന്നതിനും മിന്നല്‍ പ്രളയത്തിനും സാധ്യത ഏറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ ആകാശത്ത് കൂമ്പാരമായി കാണുന്ന കുമുലോനിംബസ് മേഘങ്ങള്‍ക്ക് കട്ടി കൂടുതലാണ്. നന്നേ ഉയരത്തിലുള്ള ഈ കൂമ്പാരമേഘങ്ങള്‍ ശക്തമായ അടിക്കാറ്റുകള്‍ സൃഷ്ടിക്കുന്നതാണ് പെട്ടെന്ന് കൊടുങ്കാറ്റുകള്‍ ഒരുപ്രത്യേക സ്ഥലത്തു മാത്രമായി വീശിയടിക്കുന്നതിന് കാരണമാകുന്നത്.

ഇന്നലെ വേനല്‍മഴയില്‍ കോട്ടയം മേലുകാവില്‍ കൊടുങ്കാറ്റും കനത്ത മഴയും നാശനഷ്ടം ഉണ്ടാക്കിയിരുന്നു. മേഘങ്ങളുടെ ഘടന മാറി കൂമ്പാര മേഘങ്ങള്‍ ലംബമായി രൂപപ്പെടുന്നതാണ് മറ്റൊന്ന്. ഇത് ഏറെ അപകടകരവും ശക്തിയേറിയ മിന്നല്‍ സൃഷ്ടിക്കാന്‍ പര്യാപ്തവുമാണ്. ഇടിമിന്നലിന്റെ രൂക്ഷത വരുംദിനങ്ങളില്‍ കേരളത്തില്‍ കൂടുമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.