
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി അടക്കം കോണ്‍ഗ്രസില്‍ നേതൃമാറ്റ ചർച്ചകള്‍ സജീവം. സണ്ണി ജോസഫിന് പകരം അധ്യക്ഷ പദവിയിലേക്ക് കണ്ണ് വെക്കുന്നത് അര ഡസനിലധികം നേതാക്കള്‍.
മന്ത്രി പദവിയില്‍ എത്തിയ രണ്ട് വർക്കിങ് പ്രസിഡന്റുമാരും മാറും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വി.പി അബ്ദുല്‍ റഷീദും ബിനു ചുള്ളിയിലും സജീവ പരിഗണനയിലാണെന്നാണ് വിവരം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ സണ്ണി ജോസഫ് തന്നെ പദവിയില്‍ തുടരാനാണ് സാധ്യത. അര ഡസനിലധികം മുതിർന്ന നേതാക്കളാണ് കെപിസിസി അധ്യക്ഷപദവിയിലേക്ക് കണ്ണുവെച്ച് കാത്തിരിക്കുന്നത്.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട അധ്യക്ഷ പദവിയിലേക്ക് ഇത്തവണ പരിഗണക്കപ്പെടുമെന്നാണ് ആന്റോ ആന്റണിയുടെ വിശ്വാസം. ദലിത് പ്രസിഡന്റെന്ന ആവശ്യവുമായി കൊടിക്കുന്നില്‍ സുരേഷും രംഗത്തുണ്ട്. എ ഗ്രൂപ്പില്‍ നിന്ന് ബെന്നി ബഹനാനും കെ.സി ജോസഫും കെപിസിസി അധ്യക്ഷ പദവിയില്‍ നോട്ടമിട്ടിട്ടുണ്ട്. ജോസഫ് വാഴക്കനെ പ്രസിഡന്റാക്കക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യവും നേതൃത്വത്തിനു മുന്നിലുണ്ട്.
യുഡിഎഫ് കണ്‍വീനർ പദവിയില്‍ നിന്ന് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് അടൂർ പ്രകാശ്. ഇതിനൊപ്പം നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാറും പി.സി വിഷ്ണുനാഥും മന്ത്രിമാർ ആയതോടെ ഇവർക്കും പകരക്കാരെത്തും. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ പോയ ചാണ്ടി ഉമ്മനും മാത്യു കുഴല്‍ നാടനുമാണ് കൂടുതല്‍ സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒ.ജെ ജനീഷിന്റെ പകരക്കാരൻ ആര് എന്ന ചർച്ചകളും കോണ്‍ഗ്രസില്‍ സജീവമാണ്. വി.പി അബ്ദുല്‍ റഷീദിനെ യൂത്ത് കോണ്‍ഗ്രസിന്റെ അമരത്തേക്ക് കൊണ്ടുവരണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ധർമ്മടത്ത് പിണറായി വിജയനെതിരെ മികച്ച മത്സരം കാഴ്ചവച്ചത് അബ്ദുല്‍ റഷീദിന്റെ സാധ്യതക്ക് മുൻതൂക്കം നല്‍കുന്നുണ്ട്.
രമേശ് ചെന്നിത്തലയും വി.ഡി സതീശനും റഷീദിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍, ബിനു ചുള്ളിയിലിന് വേണ്ടിയും ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. കെപിസിസിയിലെയും യൂത്ത് കോണ്‍ഗ്രസിലെയും പുനഃസംഘടനക്കൊപ്പം ചില ഡിസിസി അധ്യക്ഷന്മാർക്കും സ്ഥാന ചലനം ഉണ്ടാകുമെന്നാണ് സൂചന. ജൂണ്‍ മാസത്തിനുള്ളില്‍ അഴിച്ചു പണി പൂർത്തിയാക്കാൻ ആണ് നേതൃത്വത്തിന്റെ ശ്രമം.







