
സുൽത്താൻപൂർ: ഉത്തർപ്രദേശില്‍ വിവാഹഘോഷയാത്രയിലെ ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികള്‍ ചത്തു. സുല്‍ത്താൻപൂർ ജില്ലയിലാണ് സംഭവം. ഏപ്രില്‍ 25ന് രാത്രി 9.30ഓടെയാണ് സംഭവം.
ഫാം ഉടമയായ സാബിർ അലി നല്‍കിയ പരാതിയില്‍ ഡിജെ ഓപ്പറേറ്റർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയായ ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹഘോഷയാത്ര സാബിറിന്റെ പൗള്‍ട്രി ഫാമിന് സമീപത്തു കൂടി കടന്നുപോയിരുന്നു. ഘോഷയാത്രയില്‍ ഡിജെ ഉപയോഗിച്ച് അമിത ശബ്ദത്തില്‍ പാട്ട് വെച്ചിരുന്നതായും ഇത് കേട്ട് പരിഭ്രാന്തരായ കോഴികള്‍ കൂട്ടത്തോടെ ചത്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ശബ്ദം കുറയ്ക്കാൻ താൻ ആവശ്യപ്പെട്ടെങ്കിലും വിവാഹ സംഘം തയ്യാറായില്ലെന്ന് സാബിർ അലി ആരോപിക്കുന്നു. ഡിജെയുടെ ഉയർന്ന തീവ്രതയിലുള്ള ശബ്ദം താങ്ങാനാകാതെ കോഴികള്‍ ഹൃദയസ്തംഭനം മൂലമാണ് ചത്തതെന്ന് ഉടമ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയർന്ന ശബ്ദതരംഗങ്ങള്‍ പക്ഷികളിലും മൃഗങ്ങളിലും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് മരണത്തിന് വരെ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഇത് ഡിജെ ഉടമയില്‍ നിന്നോ വിവാഹം നടത്തിയ കുടുംബത്തില്‍ നിന്നോ ഈടാക്കി നല്‍കണമെന്നുമാണ് ഫാം ഉടമയുടെ ആവശ്യം.







