
കോട്ടയം: രാജ്യത്തെ റെയില്‍വേ സംവിധാനത്തില്‍ വൻ പുനഃക്രമീകരണം.
ഈ വർഷം മാത്രം ഏകദേശം 30,000ത്തോളം തസ്തികകള്‍ കുറയ്ക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് റെയില്‍വേ ബോർഡ് വിവിധ സോണുകളിലെ ജനറല്‍ മാനേജർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ റെയില്‍വെയില്‍ ജോലി ചെയ്യുന്ന മൊത്തം ജീവനക്കാരില്‍ രണ്ടു ശതമാനം തസ്തികകളാണ് ഈ വർഷം ഇല്ലാതാകുക. ഇതോടെ 29,906 തസ്തികകളാണ് ഇല്ലാതാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ നിർദ്ദേശം നടപ്പാകുന്നതോടെ ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ കുറവ് സംഭവിക്കുന്നത് ഉത്തര റെയില്‍വേയിലാണ്. 3,303 തസ്തികകളാണ് ഉത്തര റയില്‍വെയില്‍ ഇല്ലാതാകുക.
ദക്ഷിണ റെയില്‍വേയില്‍ 1,906 തസ്തികകളും കുറയും. പ്രധാനമായും സുരക്ഷാ വിഭാഗത്തിന് പുറത്തുള്ള നോണ്‍-സേഫ്റ്റി തസ്തികകളാണ് ഇല്ലാതാകുക.
നിലവിലുള്ള സ്ഥിരം ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് വ്യക്തമാക്കിയെങ്കിലും, ഒഴിവാകുന്ന തസ്തികകളില്‍ പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ല. ആവശ്യമില്ലാത്തതായി കണക്കാക്കുന്ന ടൈപ്പിസ്റ്റ് പോലുള്ള തസ്തികകളില്‍ നിന്നുള്ള ജീവനക്കാരെ ക്ലാർക്ക് പോലുള്ള മറ്റ് ജോലികളിലേക്ക് പുനർനിയമനം ചെയ്യാനും പദ്ധതി ഉണ്ട്. പുനഃക്രമീകരണം, സ്ഥലംമാറ്റം, തസ്തികമാറ്റം തുടങ്ങിയ മാർഗങ്ങളിലൂടെയാണ് കുറവ് നടപ്പാക്കുക.
അതേസമയം, തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള റെയില്‍വെയുടെ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ തന്നെ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം വെട്ടിക്കുറവ് നടപ്പാക്കുന്നത് സേവനത്തെ ബാധിക്കുമെന്നും, ഇത് സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കമാണെന്നും ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.
പുതിയ പാതകളും സർവീസുകളും വർധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയമനങ്ങളാണ് വേണ്ടതെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.
റെയില്‍വേയില്‍ ഇതിനകം തന്നെ മൂന്നരലക്ഷത്തിലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ദക്ഷിണ റെയില്‍വേയിലൊന്നില്‍ മാത്രം ഏകദേശം 20,000 ഒഴിവുകളുണ്ട്. ആശുപത്രികള്‍, ഹൗസ് കീപ്പിംഗ്, എസി മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ മേഖലകളിലാണ് ഒഴിവുകള്‍ കൂടുതലായി ഉള്ളത്. ഈ ഒഴിവുകള്‍ നികത്താതെ തുടർച്ചയായി ‘സറണ്ടർ’ ചെയ്യുന്നതാണ് പതിവ്.
സുരക്ഷാ വിഭാഗത്തില്‍ നേരിട്ട് വെട്ടിക്കുറവ് നടപ്പാക്കുന്നില്ലെങ്കിലും, വിരമിക്കുന്നവർക്കു തത്തുല്യമായ നിയമനം നല്‍കാത്തതും ആശങ്ക ഉയർത്തുന്നുണ്ട്. എല്ലാ പുനർനിയമനങ്ങളും ഒഴിവാക്കലുകളും ഇനി മുതല്‍ എച്ച്.ആർ.എം.എസ് പോർട്ടല്‍ വഴിയാകും നടത്തുക എന്ന നിർദേശവും നല്‍കിയിട്ടുണ്ട്.








