Spread the love

ഡല്‍ഹി: പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍റ് തലത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച്‌ നിയുക്ത എംഎല്‍എമാരും കെപിസിസി ഭാരവാഹികളും ഹൈക്കമാന്‍റിനെ സമീപിച്ചു.
എംഎല്‍എമാരുടെ നേതാവിനെ തെരഞ്ഞെടുക്കുന്നത് എംഎല്‍എമാര്‍ക്കിടയിലെ ഭൂരിപക്ഷം പരിഗണിച്ചുകൊണ്ടുതന്നെ വേണമെന്ന ആവശ്യമാണ് നിയുക്ത എംഎല്‍എമാരും കെപിസിസിയുടെ ഉന്നത നേതൃത്വത്തിലുള്ള ഭാരവാഹികളും നേതൃത്വത്തെ ഇ-മെയില്‍ സന്ദേശം വഴി അറിയിച്ചിരിക്കുന്നത്. എംഎല്‍എമാര്‍ കൂട്ടായും ഒറ്റയ്ക്കും ഇ-മെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായാണ് സൂചന.

video
play-sharp-fill

കെപിസിസി പ്രസിഡന്‍റ്, വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാര്‍ എന്നിവര്‍ പൂര്‍ണമായും എംഎല്‍എമാരുടെ ഭൂരിപക്ഷമായിരിക്കണം പ്രധാനം എന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
വൈസ്‍ പ്രസിഡ‍ന്‍റുമാരില്‍ രണ്ടു പേരൊഴികെ മുഴുവന്‍ പേരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭൂരിപക്ഷം ജനറല്‍ സെക്രട്ടറിമാരും ഇതേ ആവശ്യം ഉന്നയിച്ചതായാണ് സൂചന.

എംഎല്‍എമാരുടെ ഹിതപരിശോധനയിലെ ഭൂരിപക്ഷം സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വന്നതൊക്കെ അഭ്യൂഹങ്ങള്‍ മാത്രമാണ്. എഐസിസി നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ കസ്റ്റ‍ഡിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നു എന്നതിനാല്‍ കേരള കാര്യങ്ങളില്‍ നിന്നും പൂര്‍ണമായും അദ്ദേഹത്തെയും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ എഐസിസി ഓഫീസില്‍ പോലും ഈ റിപ്പോര്‍ട്ടിന്‍റെ കോപ്പി എത്തിയിട്ടില്ല.
അതേസമയം, പാര്‍ട്ടി രീതി അനുസരിച്ച്‌ നിയമസഭാ കക്ഷിയുടെ നേതാവിനെ തരഞ്ഞെടുക്കുമ്പോള്‍ നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിനു തന്നെയാണ് പരിഗണന. അതില്‍ നിന്ന് മറിച്ചൊരു തീരുമാനം മുന്‍പ് കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ പോലും കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടില്ല.
കര്‍ണാടകയില്‍ പൊതുജനത്തിനും ഹൈക്കമാന്‍റിനും താല്‍പര്യം ഡികെ ശിവകുമാറിനെയായിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ തന്ത്രശാലിയായ സിദ്ധരാമയ്യയ്ക്കായിരുന്നു.

അതോടെ സിദ്ധരാമയ്യയ്ക്ക് നറുക്ക് വീണു. പാര്‍ട്ടിക്കുവേണ്ടി ആഴ്ചകളോളം ജയിലില്‍ കിടക്കുകയും പണം ഒഴുക്കുകയും തെരഞ്ഞെടുപ്പ് നയിക്കുകയും ചെയ്തിട്ടും ശിവകുമാറിന് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല.

സമാന സാഹചര്യമായിരുന്നു രാജസ്ഥാനിലും. സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ അശോഗ് ഗെലോട്ട് സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റി. വിജയിച്ചപ്പോള്‍ നിയമസഭാ കക്ഷിയില്‍ 3 -ല്‍ 2 ഭൂരിപക്ഷം ഗെലോട്ടിനായി.
അതോടെ സച്ചിന്‍റെ പ്രതീക്ഷയും അസ്തമിച്ചു. സച്ചിനായിരുന്നു ജന പിന്തുണയും ഹൈക്കമാന്‍റ് താല്‍പര്യവും അനുകൂലമായിരുന്നത്.
മധ്യപ്രദേശിലും ഇതുതന്നെ സംഭവിച്ചു. ജനങ്ങള്‍ ഇഷ്ടപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് എംഎല്‍എമാരുടെ പിന്തുണ കിട്ടിയില്ല. കമല്‍നാഥ് മുഖ്യമന്ത്രിയായി.

സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും നിയമസഭാ കക്ഷിയില്‍ അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കാതായതോടെ രാഹുലിന് അവരെ സംരക്ഷിക്കാനായില്ല.

അതുതന്നെയാണ് കേരളത്തിലും സംഭവിക്കുക. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ഉണ്ടെങ്കില്‍ ആരെന്ത് കോലാഹലം ഉണ്ടാക്കിയാലും കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകും.
അതില്ലെങ്കില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും – പകരം ഭൂരിപക്ഷം ലഭിക്കുന്നയാള്‍ മുഖ്യമന്ത്രിയാകും. അത് രണ്ട് ദിവസത്തിനകം അറിയാം.