
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും അവർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്ത് അനന്തു സുരേഷും അന്വേഷണത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.
അനന്തു സുരേഷിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മരണത്തിലും ചികിത്സയിലും ദുരൂഹതയുണ്ടെന്നാരോപിച്ചാണ് പരാതി. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയാണ് പ്രധാന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഡോക്ടർമാരുടെ ഇടപെടലുകള്‍ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും പരാതിയില്‍ ഉള്‍പ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി ലഭിച്ചതിനെ തുടർന്ന് നേരത്തെ ഡിജിപി അന്വേഷണത്തിന് നിർദേശം നല്‍കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ബാലചന്ദ്രകുമാറിന് മറ്റ് ഗുരുതര രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഭാര്യയുടെ മുൻ പ്രതികരണം. വൃക്കയിലെ കല്ല് നീക്കം ചെയ്തശേഷമാണ് ആരോഗ്യനില മോശമായതെന്നും, ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടുകള്‍ കൈവശമുണ്ടെന്നും അവർ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അനന്തു സുരേഷ് പരാതി നല്‍കിയിരുന്നു. ചില ഡോക്ടർമാരുടെ ഇടപെടലുകള്‍ സംശയാസ്പദമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായും, ചികിത്സാ ഘട്ടങ്ങളില്‍ വീഴ്ച സംഭവിച്ചതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു







