നശിക്കുന്ന ചരിത്രസ്മാരകങ്ങളായി പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും തികഞ്ഞ അവഗണന; സംരക്ഷിച്ചുകൂടേ?

നശിക്കുന്ന ചരിത്രസ്മാരകങ്ങളായി പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും തികഞ്ഞ അവഗണന; സംരക്ഷിച്ചുകൂടേ?

Spread the love

സ്വന്തം ലേഖിക

പനമരം: വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ദേശീയ സ്മാരകമായ പനമരം പുഞ്ചവയലിനു സമീപമുള്ള കല്ലമ്പലങ്ങളുടെ സംരക്ഷണത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും തികഞ്ഞ അവഗണന.

പനമരം-നീര്‍വാരം റോഡരുകിലുള്ള വിഷ്ണുഗുഡിയും പനമരം-നടവയല്‍ റോഡിനോട് ചേര്‍ന്നു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള ജനാര്‍ദ്ദനഗുഡിയുമാണ് അവഗണനയില്‍പ്പെട്ട് മണ്ണടിയാനൊരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രന്വേഷകര്‍ക്കും വരും തലമുറക്കും കല്ലമ്പലങ്ങളെപ്പറ്റി പഠന വിധേയമാക്കാന്‍ ഉപയുക്തമാകുന്ന അവശേഷിക്കുന്ന കല്ലമ്പലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിഷ്ണുഗുഡിയും ജനാര്‍ദ്ദനഗുഡിയും. ഈ ചരിത്ര സ്മാരകങ്ങള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടാതെ നശിക്കുന്നതോടെ വരും തലമുറക്ക് നല്‍കാന്‍
ഒന്നും തന്നെ ഉണ്ടാവുകയില്ല.

കല്‍ത്തൂണുകളും പാളികളും ഉപയോഗിച്ചു നിര്‍മിച്ചതാണ് വിഷ്ണുഗുഡിയും ജനാര്‍ദ്ദനഗുഡിയും. കൊത്തുപണികള്‍ നിറഞ്ഞതാണ് രണ്ടു കല്ലമ്പലങ്ങളിലേയും ഓരോ തൂണും പാളിയും. വിഷ്ണുഗുഡിയിലെ ശിലാപാളികളിലൊന്നില്‍ കന്നഡയിലുള്ള എഴുത്തും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതാണ് വിഷ്ണു, ജനാര്‍ദന ഗുഡികളെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്സാല രാജാക്കന്‍മാരാണ് കല്ലമ്പലങ്ങള്‍ പണിതത്രേ. ദക്ഷിണ കന്നഡയില്‍നിന്ന് വയനാട് വഴി പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് പോയിവന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങള്‍ പണിതതെന്നും പറയപ്പെടുന്നു. മുത്തുകളുടെയും രത്നങ്ങളുടെയും വ്യാപാരത്തിനു പ്രസിദ്ധമായിരുന്നു പുഞ്ചവയലിനോടു ചേര്‍ന്നുള്ള ഈ പ്രദേശങ്ങളെന്നു പറയപ്പെടുന്നു.

ദേശീയ സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2015 സെപ്തംബറില്‍ വിജ്ഞാപനം ചെയ്തതാണ് വിഷ്ണുഗുഡി. ഇതിനു പിന്നാലെ ജനാര്‍ദ്ദനഗുഡിയെയും ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്തി കല്ലമ്പലങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയായില്ല.

കാലവര്‍ഷത്തില്‍ തകര്‍ന്ന വിഷ്ണുഗുഡിയുടെ ഗോപുരമടക്കമുള്ള ഭാഗങ്ങള്‍ നാശത്തിൻ്റെ വക്കിലാണ്. കുത്തുകൊടുത്തു നിറുത്തിയ അവസ്ഥയിലാണ് വിഷ്ണുഗുഡി. ഇവിടെ നിന്നു ഏകേദേശം 700 മീറ്റര്‍ മാറിയാണ് ജനാര്‍ദ്ദനഗുഡി. ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വിഷ്ണുഗുഡി സന്ദര്‍ശിച്ചിരുന്നു.

ജീര്‍ണാവസ്ഥയിലുള്ള കല്ലമ്പലം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതി ഉടന്‍ തയാറാക്കുമെന്നു ഉദ്യോഗസ്ഥര്‍ അന്ന് അറിയിച്ചെങ്കിലും കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല.
നാശംനേരിടുന്ന കല്ലമ്പലങ്ങള്‍ എന്‍ഷ്യൻ്റ് മോണുമൻ്റസ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്‍ഡ് റിമൈന്‍സ്(ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശുപാര്‍ശ ചെയ്ത് എ.എസ്.ഐ ഡയറക്ടര്‍ക്ക് തൃശൂര്‍ സര്‍ക്കിള്‍ ഓഫീസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാര്‍ദ്ദനഗുഡിയും ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നത്.