സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കി; വിവാദമായ പത്താം ക്ലാസ് ഇം​ഗ്ലീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ

സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കി; വിവാദമായ പത്താം ക്ലാസ് ഇം​ഗ്ലീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കടുത്ത സ്‌ത്രീ വിരുദ്ധത നിറഞ്ഞ, വിവാദമായ പത്താം ക്ലാസ് ഇം​ഗ്ലീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ. പാർലമെന്റിൽ ഉൾപ്പടെ വിഷയം പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ പിൻമാറ്റം.

ആ ചോദ്യത്തിന് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും നൽകും. ചോദ്യപേപ്പറിലെ വിവാദ ഖണ്ഡിക ‘മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായല്ല’ തയ്യാറാക്കിയത് എന്നും അതിനോടൊപ്പമുള്ള ചോദ്യങ്ങളും ഖണ്ഡികയും ഒഴിവാക്കിയതായും സിബിഎസ്ഇ പ്രസ്‌താവനയിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്‌ച നടത്തിയ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് ഖണ്ഡികയിൽ പറയുന്നത്. സ്‌ത്രീ വിമോചനം കുട്ടികളുടെ മേലുള്ള രക്ഷിതാക്കളുടെ അധികാരം ഇല്ലാതാക്കി.

കുടുംബത്തിന്റെ അധികാരി എന്ന സ്‌ഥാനത്തു നിന്ന് പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കി. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവളാകണം എന്ന കാഴ്‌ചപ്പാട് കുട്ടികൾക്കു മേൽ ഭാര്യക്ക് കൃത്യമായ അധികാരം ഉണ്ടാക്കാനായിരുന്നു. അച്ഛന്റെ അസാന്നിധ്യത്തിൽ പോലും ‘അച്ഛൻ അത് വിലക്കിയതാണ്’ എന്നു പറഞ്ഞ് കുട്ടികളെ നിയന്ത്രിക്കാൻ അന്ന് അമ്മമാർക്ക് കഴിഞ്ഞിരുന്നു.

ഭർത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരിൽ അച്ചടക്കം ഉണ്ടാക്കാനും ഭാര്യമാർക്ക് സാധിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സ്‌ത്രീ സ്വാതന്ത്ര്യവാദം ഉയർന്നതോടെ കുടുംബത്തിൽ അച്ചടക്കം ഇല്ലാതായി. അച്ഛന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്‌ചപ്പാട് ഇല്ലാതായി. സ്‌ത്രീ-പുരുഷ തുല്യത നടപ്പാക്കിയതിലൂടെ എല്ലാം താളം തെറ്റി’- എന്നിങ്ങനെയാണ് ചോദ്യപേപ്പറിൽ നൽകിയ ഖണ്ഡികയിൽ വിശദീകരിച്ചിരിക്കുന്നത്.

ചേദ്യപേപ്പറിൽ സെക്ഷൻ എയിലാണ് ഈ ഖണ്ഡിക നൽകിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു ചോദ്യമാകട്ടെ ഇങ്ങനെയാണ്; ‘ഇതിലെ എഴുത്തുകാരൻ എങ്ങനെയുള്ള ആളാണ് – 1) ഒരു മെയിൽ ഷോവനിസ്‌റ്റ് അല്ലെങ്കിൽ അഹങ്കാരി. 2) ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ. 3) അസംതൃപ്‌തനായ ഭർത്താവ്. 4) കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവൻ. സിബിഎസ്‌സി ബോർഡിന്റെ ഉത്തരസൂചിക പ്രകാരം ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ എന്നതാണ് ശരിയുത്തരം.

ഇന്ന് രാവിലെ, പാർലമെന്റിൽ വിവിധ പാർട്ടികൾ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു. ‘സ്‌ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും’ ആണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡിഎംകെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), നാഷണൽ കോൺഫറൻസ് അംഗങ്ങൾ ലോക്‌സഭയിൽ വാക്കൗട്ട് നടത്തി.

വിവാദ ഖണ്ഡികയെയും ചോദ്യത്തെയും അപലപിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതിൽ നരേന്ദ്ര മോദി സർക്കാർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. വിവാദ ചോദ്യം ഉടനടി പിൻവലിക്കണമെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും അവർ പറഞ്ഞു.