
കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയില്‍ 50 ബസുകള്‍ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് ആരോപിച്ചു. സർവീസ് അവസാനിപ്പിച്ച ബസുകള്‍ ആർ.ടി.ഒയില്‍ ജി-ഫോം സമർപ്പിച്ചു.
വർദ്ധിച്ചുവരുന്ന ഡീസല്‍ വില,തൊഴിലാളികളുടെ കൂലി, യാത്രക്കാരുടെ കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് നാട്ടിലെ മിക്ക ബസുടമകളും പ്രതിസന്ധിയിലേക്ക് വീഴാൻ കാരണം.
ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകള്‍ ദിവസവും നീക്കിവെക്കുന്നത് 8000 രൂപയോളമാണ്. എഴുപതു മുതല്‍ 80 ലിറ്ററോളം ഇന്ധനമാണ് ബസുകള്‍ക്ക് വേണ്ടത്.
കൊവിഡ് കാലത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നു. സൗജന്യ യാത്ര ആരംഭിച്ചതോടെ തൊഴിലാളികളുടെ വേതനത്തിനാവശ്യമായ തുക പോലും ലഭിക്കുന്നില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. വിഷയം ചർച്ച ചെയ്യാൻ ബസുടമകള്‍ ഈ മാസം 14ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയേക്കും.
പയ്യന്നൂർ, ഇരിട്ടി റൂട്ടുകളില്‍ പ്രതിസന്ധി രൂക്ഷം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ സ്വകാര്യ ബസുടമകള്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് കണ്ണൂർ-പയ്യന്നൂർ, ഇരിട്ടി-കണ്ണൂർ റൂട്ടുകളിലാണ്. കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകള്‍ കൂടുതലുള്ളതിനാലാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ദിവസവും 1000 രൂപ മുതല്‍ 1500 രൂപ വരെ നഷ്ടം നേരിടുന്നുണ്ടെന്നാണ് ബസുടമകള്‍ പറയുന്നത്. മലയോര മേഖലയില്‍ സർവീസ് നടത്തുന്ന ബസുടമകളും വെല്ലുവിളി നേരിടുന്നുണ്ട്. ആലക്കോട്, ശ്രീകണ്ഠപുരം റൂട്ടിലും പ്രതിസന്ധി രൂക്ഷമാണെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വെളിപ്പെടുത്തുന്നത്
അനിശ്ചിത കാല റിലേ സമരം
ജൂലായ് 20 മുതല്‍ 26 വരെ തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ സമരവും പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ബസുടമകള്‍ സൂചന സമരങ്ങളും നടത്താനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. സ്വകാര്യ ബസ് വ്യവസായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.







