Spread the love

കുന്നംകുളം: സോഷ്യല്‍ മീഡിയയുടെ മറവില്‍ പെണ്‍കുട്ടികളുടെ ജീവിതം വെച്ചു കളിക്കുന്ന സൈബര്‍ ക്രിമിനലുകള്‍ക്ക് കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച ചൊവ്വന്നൂര്‍ സ്വദേശി അനന്തു എന്ന കേട്ടു കേള്‍വി പോലുമില്ലാത്ത ക്രിമിനലിനെയാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

video
play-sharp-fill

പ്രതിക്കെതിരെ കുന്നംകുളം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇരയായ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതി ധീരമായി മുന്നോട്ടുവന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അടിയന്തര നടപടി.
യുവതിയുടെ അശ്ലീലചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് ഒരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി ആദ്യം അറിയുന്നത്. താന്‍ ഒരിക്കലും എടുക്കാത്ത ചിത്രങ്ങള്‍ എങ്ങനെ പുറത്തുപോയി എന്ന് ചിന്തിച്ച യുവതിക്ക്, സംശയം തോന്നിയത് സുഹൃത്തായ അനന്തുവിനെയായിരുന്നു. ഒടുവില്‍ തന്ത്രപരമായി ഇയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി പരിശോധിച്ച യുവതിയും സുഹൃത്തുക്കളും ഞെട്ടിത്തരിച്ചുപോയി

പ്രതിയുടെ ഫോണില്‍ നാല്‍പ്പതോളം സ്ത്രീകളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളാണ് ഒളിപ്പിച്ചു വെച്ചിരുന്നത്. വെറുതെ സൂക്ഷിക്കുക മാത്രമല്ല, ഈ ചിത്രങ്ങള്‍ ടെലഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വന്‍ തുകയ്ക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു ഇയാളുടെ പ്രധാന പരിപാടി. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്റെ ക്രൂരതയറിഞ്ഞ ചൊവ്വന്നൂരിലെ നാട്ടുകാര്‍ ഒട്ടും സമയം കളയാതെ യുവാവിനെ തടഞ്ഞുവെച്ച്‌ വിചാരണ ചെയ്യുകയായിരുന്നു. നാട്ടുകാര്‍ കൂട്ടത്തോടെ ചോദ്യം ചെയ്തതോടെ ഇയാൾ പരുങ്ങലിലായി. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ നാട്ടുകാര്‍ പിടിച്ചെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.
പ്രതിയുടെ ഫോണില്‍ നിന്നും പോലീസ് കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും നിരവധി സാധാരണക്കാരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇവന്‍ മോര്‍ഫ് ചെയ്ത് വിറ്റ് കാശാക്കിയത്. പ്രതിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ, ഏതെങ്കിലും വലിയ അശ്ലീല റാക്കറ്റിലെ കണ്ണിയാണോ ഇയാള്‍ എന്നതിനെക്കുറിച്ച്‌ കുന്നംകുളം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.