പൊലീസിലെ ട്രോളന്മാർക്കും ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം

പൊലീസിലെ ട്രോളന്മാർക്കും ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രവർത്തനമികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്‌കാരം നേടി കേരള പൊലീസിലെ ട്രോളന്മാർ കയ്യടിനേടി. കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ കഴിഞ്ഞ വർഷം മികവ് പുലർത്തിയവർക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ് പൊതുജനബന്ധം ശക്തിപ്പെടുത്തുവാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ ഓഫീസർമാരായ കമൽനാഥ് കെ ആർ, ബിമൽ വി എസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് പി എസ്സ് , അരുൺ ബി ടി എന്നിവരാണ് പ്രവർത്തിക്കുന്നത്. ഫെയ്‌സ്ബുക്കിന് പുറമെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിലും പോലീസ് ഔദ്യോഗിക അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതും ഇവരാണ്. ഇപ്പോൾ കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്ന ടിക് ടോക്കിലും കേരള പോലീസ് ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.ട്രോളുകളിലൂടെയും നർമ്മം നിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനംനേടിയ കേരള പോലീസിന്റെ ഫെയ്സ്ബുക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികം ഫോളോവർമാരുമായി ലോകത്തിലെ തന്നെ പോലീസ് പേജുകളിൽ ഒന്നാമതാണുള്ളത്. ശബരിമല ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും ഈ കാക്കിക്കുള്ളിലെ കലാഹൃദയം നാം കണ്ടതാണ്.