മികവിന്റെ കേന്ദ്രമായി എരുമേലി പൊലീസ് സ്റ്റേഷൻ: എരുമേലി സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം; അടിസ്ഥാന സൗകര്യങ്ങളിലും ജനകീയതയിലും മാതൃകയായി ഒരു പൊലീസ് സ്‌റ്റേഷൻ; ജില്ലയിൽ ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ആദ്യ പൊലീസ് സ്റ്റേഷൻ

മികവിന്റെ കേന്ദ്രമായി എരുമേലി പൊലീസ് സ്റ്റേഷൻ: എരുമേലി സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം; അടിസ്ഥാന സൗകര്യങ്ങളിലും ജനകീയതയിലും മാതൃകയായി ഒരു പൊലീസ് സ്‌റ്റേഷൻ; ജില്ലയിൽ ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ആദ്യ പൊലീസ് സ്റ്റേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: മികവിന്റെ കേന്ദ്രമായി എരുമേലി പൊലീസ് സ്റ്റേഷൻ. അടിസ്ഥാന സൗകര്യങ്ങളുടെ അടക്കം കാര്യത്തിൽ മാതൃക കാട്ടിയ പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം. ജില്ലയിൽ ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ആദ്യ പൊലീസ് സ്റ്റേഷനാണ് എരുമേലി.

കേസന്വേഷണങ്ങളിലെ മികവ്, പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളിലെ ഗുണനിലവാരം, സ്റ്റേഷനുള്ളിലെയും പരിസരങ്ങളിലെയും ശുചിത്വം, ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യത, ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ പ്രവർത്തനം, കഴിഞ്ഞ പ്രളയകാലത്ത് സ്റ്റേഷൻ പരിധിയിൽ ദുരിതമനുഭവിച്ചവർക്ക് ചെയ്ത മികച്ച സേവനങ്ങൾ, മുതലായവ മികവിന്റെ അംഗീകാരമായ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ എരുമേലിയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആചാരനുഷ്ടാനങ്ങൾ യഥാസമയം നടത്തി പോകുന്നതിനുള്ള സേവനങ്ങൾ കുറ്റമറ്റ രീതിയിൽ ചെയ്തുവരുന്നതിനും, എരുമേലി ടൗണിലും പരിസരത്തും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 52 ക്യാമറകൾ സ്ഥാപിച്ച് 24 മണിക്കൂറും നിതാന്ത ജാഗ്രതയോടുകൂടി കുറ്റകൃത്യങ്ങൾ തടയുന്ന പ്രവൃത്തിയും എരുമേലി പൊലീസിനെ ജനകീയമാക്കി.

സ്റ്റേഷന്റെ അടിസ്ഥാന വികസനത്തിനൊപ്പം, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സൗഹാർദ്ദപരമായ, മാതൃകാപരമായ, പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നതിനും എരുമേലി പൊലീസ് സ്റ്റേഷനായി. പൊലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾക്കും വിശ്രമിക്കുന്നതിനും, കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി പ്രത്യേക സംവിധാനം എന്നിവ എരുമേലി പൊലീസ് സ്റ്റേഷന്റെ പ്രത്യേകതയാണ്.

എരുമേലി ജനമൈത്രി പൊലീസ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്റെ പരിധിയിൽ സ്വന്തമായി വീടില്ലാതിരുന്ന ഒരു കുടുംബത്തിന് പൊലീസ്-പൊതുജന സഹകരണത്തോടുകൂടി വീട് നിർമ്മിച്ചു നൽകിയിരുന്നു. ജില്ലാ പോലീസ് മേധാവി ജി ജയദേവ്, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ സന്തോഷ്‌കുമാർ, എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ എരുമേലി സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും സംയുക്തമായ പ്രവർത്തന മികവാണ് ഈ പുരസ്‌കാരത്തിനർഹമാക്കിയത്. ജില്ലാ പൊലീസ് മേധാവി എരുമേലി പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു