ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍
കൊല്ലം: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സംഭവ ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം പുള്ളിക്കട വടക്കുംഭാഗം പുതുവല്‍ പുരയിടത്തില്‍ താമസിച്ചിരുന്ന ഇപ്പോള്‍ തട്ടാമല ഒരുമ നഗര്‍ 38ല്‍ താമസിക്കുന്ന തൗഫീഖ് ആസാദ്(23) ആണ് അറസ്റ്റിലായത്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു തൗഫീഖ് പീഡിപ്പിച്ചത്. തുടര്‍ന്ന് ആറ് മാസം മുമ്പ് ഇയാള്‍ വിദേശത്തേക്ക് പോയി. പിന്നീട് തൗഫീഖുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറുകയും സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പീഡനവിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്.
പൂയപ്പള്ളി പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. തൗഫീഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവരം അറിഞ്ഞിരുന്ന തൗഫീഖ് സഹോദരിയുടെ വിവാഹത്തിനായി ഹൈദരാബാദ് ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് വഴിയാണ് നാട്ടിലെത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവിടെ ഇറങ്ങിയ ഇയാളെ എല്‍ഒസി പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group