play-sharp-fill
പോക്‌സോ കേസുകളില്‍ നാലിലൊന്നും പ്രണയബന്ധങ്ങള്‍ മാത്രം; പെൺകുട്ടികളിൽ അധികവും 16നും 18നും ഇടയിൽ പ്രായമുള്ളവർ; പ്രണയബന്ധങ്ങളുടെ പേരില്‍ കൗമാരക്കാരെ ക്രിമിനല്‍വത്ക്കരിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

പോക്‌സോ കേസുകളില്‍ നാലിലൊന്നും പ്രണയബന്ധങ്ങള്‍ മാത്രം; പെൺകുട്ടികളിൽ അധികവും 16നും 18നും ഇടയിൽ പ്രായമുള്ളവർ; പ്രണയബന്ധങ്ങളുടെ പേരില്‍ കൗമാരക്കാരെ ക്രിമിനല്‍വത്ക്കരിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

സ്വന്തം ലേഖകൻ

ദില്ലി: പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ നാലിലൊന്നും പ്രണയബന്ധങ്ങള്‍ മാത്രമാണെന്ന സുപ്രധാന കണ്ടെത്തലുകളുമായി പ്രോആക്ടീവ് ഹെല്‍ത്ത് ട്രസ്റ്റും യുണിസെഫ് ഇന്ത്യയും. ഉഭയകക്ഷി സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളുടെ പേരില്‍ കൗമാരക്കാരെ ക്രിമിനല്‍വത്ക്കരിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകളെ ഈ പഠനഫലം ഊട്ടിയുറപ്പിക്കുന്നുണ്ട്.

ഗവേഷകരായ സ്വാഗത രാഹയും ശ്രുതി രാമകൃഷ്ണനും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായി അസം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2016-നും 2020-നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത 7,064 പോക്സോ വിധികളാണ് പരിശോധിച്ചത്. ഇതില്‍ 1,715 കേസുകളില്‍ പരാതിക്കാരും പ്രതികളും തമ്മില്‍ നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് പഠനം കണ്ടെത്തി.
ഈ പ്രണയബന്ധങ്ങളില്‍ തന്നെ പകുതിയോളം പെണ്‍കുട്ടികളും 16 മുതല്‍ 18 വരെ വയസ് പ്രായമുള്ളവരാണെന്നും പഠനം അടയാളപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1715 കേസുകളില്‍ 1508 എണ്ണത്തിലും അന്വേഷണഘട്ടത്തിലോ മൊഴിയെടുക്കുന്ന ഘട്ടത്തിലോ പ്രതിയുമായി പ്രണയത്തിലായിരുന്നെന്ന് പെണ്‍കുട്ടികള്‍ സമ്മതിച്ചതായും പറയുന്നുണ്ട്. പെണ്‍കുട്ടികളെ നിയന്ത്രിക്കാനും കുടുംബത്തിന് ഇഷ്ടമില്ലാത്ത ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടികളെ തടയാനും പെണ്‍കുട്ടികള്‍ ഒളിച്ചോടിയാല്‍ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കാനുമാണ് ഈ നിയമം പല കേസുകളിലും പ്രയോഗിക്കപ്പെട്ടതെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.