നോട്ട് നിരോധനം വ്യാപാരമേഖലയില്‍ ഉണ്ടാക്കിയത് വലിയ തിരിച്ചടി; നോട്ട് നിരോധനത്തിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടി വന്നത് സാധാരണക്കാരെന്നു മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയില്‍ നിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയില്‍ കോണ്‍ക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്. നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയില്‍ ഉണ്ടാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കള്ളപ്പണം തടയാൻ വേണ്ടിയാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും പിന്നീട് വന്ന കണക്കുകളിലൂടെ കള്ളപ്പണം തടയാൻ ഇത് പര്യാപ്തമല്ലെന്ന് വ്യക്തമായി. ഇത്തരത്തില്‍ നോട്ട് നിരോധനം പരാജയപ്പെട്ടുവെന്നും അവയുടെ ദൂഷ്യഫലം അനുഭവിക്കേണ്ടിവന്നത് സാധാരണക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാറിന് എത്രവേണമെങ്കിലും കടമെടുക്കാം, അതിന് പരിധിയില്ല. പക്ഷേ സംസ്ഥാനങ്ങള്‍ക്ക് അതിന് പ്രത്യേക പരിധിയുണ്ടാക്കുന്നു. കിഫ്‌ബി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുകയാണ്. ഞങ്ങള്‍ക്ക് ആകാവുന്നത് നിങ്ങള്‍ക്ക് പറ്റില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം കൈവരിച്ച നേട്ടങ്ങളെയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ആഭ്യന്തര ഉത്പാദനത്തില്‍ ഏഴുവര്‍ഷം കൊണ്ട് 84 ശതമാനം വര്‍ദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു. മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാൻ സംസ്ഥാനത്തിനായിട്ടുണ്ട്. ഇത്തരത്തില്‍ സമ്പദ്ഘടന വളരാൻ വലിയ സഹായമാണ് ചെറുകിട മേഖല നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.