പത്തനംതിട്ട കൊടുമണ്ണില്‍ മൊഴി എടുക്കാന്‍ വിളിച്ച് വരുത്തിയ പൊലീസ് മര്‍ദ്ദിച്ചതായി യുവാവിന്‍റെ പരാതി; ആരോപണം അടിസ്ഥാന രഹിതമെന്ന് പൊലീസ്
സ്വന്തം ലേഖിക
പത്തനംതിട്ട: കൊടുമണ്ണില്‍ മൊഴി എടുക്കാന്‍ വിളിച്ചു വരുത്തിയ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി.
തട്ട സ്വദേശി മനുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ആരോപണം അടിസ്ഥാന രഹിതമെന്നാണ് കൊടുമണ്‍ പൊലീസിന്റെ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം തട്ടയിലെ രവീന്ദ്രന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ നടന്ന മോഷണ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കാന്‍ മനുവിനേയും അച്ഛന്‍ മുരളിധരനേയും കൊടുമണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
മോഷണം നടന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള സിസിടിവിയില്‍ സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുൻപ് മനുവും മുരളീധരനും ഉപയോഗിക്കുന്ന വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് പൊലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്.
മുരളീധരനെ വൈകിട്ട് അഞ്ച് മണിക്കുo മനുവിനെ എട്ട് മണിക്കും പൊലീസ് ജീപ്പിലാണ് കൊണ്ട് വന്നത്. സ്റ്റേഷനിലേക്ക് കൊണ്ട് വരും വഴി ജീപ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് മനുവിന്റെ പരാതി.
സ്റ്റേഷനില്‍ എത്തിച്ച ശേഷം പൊലീസ് അസഭ്യം പറഞ്ഞെന്നും കുറ്റം സമ്മതിക്കാന്‍ ഭീഷണിപ്പെത്തിയതായും മുരളീധനും ആരോപിക്കുന്നു. എന്നാല്‍ സിസിടിവി ദൃശ്യത്തില്‍ വാഹനം കണ്ടത്കൊണ്ട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ മാത്രമാണ് ഇരുവരെയും വിളിച്ചു വരുത്തിയതെന്നാണ് കൊടുമണ്‍ ഇന്‍സ്‌പെക്ടറുടെ വിശദീകരണം.
സാധാരണ രീതിയില്‍ ഉള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും പൊലീസ് വിശദമാക്കുന്നു. മൊഴിയെടുത്ത ശേഷം ഇവരെ വിട്ടയച്ചു. മര്‍ദ്ദിച്ചുവെന്നതടക്കമുള്ള കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചകഥകളാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.