
പാമ്പാടി: ടൗണില്‍ കുടിവെളള വിതരണം മുടങ്ങിയിട്ട് ഒരു മാസം. കേരള വാട്ടര്‍ അതോറിറ്റിയുടെ കുറിയന്നൂര്‍ കുന്നിലുള്ള ടാങ്കില്‍ നിന്നാണു ടൗണില്‍ ജലവിതരണം നടക്കുന്നത്.
വില്ലേജാഫീസിനു സമീപമാണു പമ്പ് ഹൗസും കിണറും. ദേശീയ പാതയില്‍ നിന്നും കൂരോപ്പട റോഡ് തുടങ്ങുന്ന ഭാഗത്തു പൈപ്പ് ബ്ലോക്കായതാണ് ഇവിടം മുതല്‍ വട്ടമലപ്പടിയില്‍ വരെയുള്ള കുടിവെള്ള വിതരണം തടസപ്പെടാൻ കാരണം. പല സ്ഥലങ്ങളിലെ പരിശോധനക്കുശേഷമാണു ബ്ലോക്ക് കണ്ടുപിടിച്ചതെന്നു വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.
എന്നാല്‍, ഇതു നന്നാക്കുന്നതിനായി തൊഴിലാളികള്‍ എത്തി റോഡ് കുഴിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു പഞ്ചായത്തംഗമുള്‍പ്പെടെയുള്ളവര്‍ തടഞ്ഞതിനാല്‍ തൊഴിലാളികള്‍ മടങ്ങിപ്പോയെന്നുമാണ് എ.ഇയുടെ ആക്ഷേപം. റോഡ് കുഴിച്ചാല്‍ ഉടന്‍ തന്നെ കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണു തൊഴിലാളികളെ തടഞ്ഞതെന്നും പരാതിയുണ്ട്. പഞ്ചായത്തു പ്രസിഡന്റും, അംഗത്തിന്റെയും സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ ഇനി തകരാറു പരിഹരിക്കുവാന്‍ തൊഴിലാളികള്‍ എത്തുകയുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറുകണക്കിന് ആളുകളുടെ കുടിവെള്ള വിതരണം മുടങ്ങിയതു വ്യാപകമായ പ്രതിക്ഷേധത്തിനു കാരണമായിട്ടുണ്ട്. ടൗണില്‍ പല ഭാഗത്തും പഴയ പൈപ്പ് പൊട്ടുന്നതു നിത്യ സംഭവമായി മാറിയതിനു പിന്നാലെയാണു പൈപ്പ് ബ്ലോക്കായി തകരാറിലായത്.
എന്നാല്‍, വാട്ടര്‍ അതോറിറ്റിയിലെ തൊഴിലാളികളെ തടഞ്ഞിട്ടില്ലന്ന് ടൗണ്‍ വാര്‍ഡ് മെമ്പര്ക്ഷേര്ളി തര്യന് പറഞ്ഞു. ഇവിടുത്തെ ജലവിതരണം പുതരാരംഭിക്കണമെന്നും പഞ്ചായത്തംഗം ആവശ്യപ്പെട്ടു. ഏതു സമയത്തു വിളിച്ചാലും എത്തുന്നതാണന്നും കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്നും പഞ്ചായത്തു പ്രസിഡന്റ് സിജു കെ ഐസക്ക് അറിയിച്ചു.









