ഈരാറ്റുപേട്ടയില്‍ പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി; പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയര്‍മാനും അടക്കം 20 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ടയില്‍ പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയര്‍മാനും ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രദേശത്ത് ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് പോലീസ് അറിയിച്ചു. ഈരാറ്റുപേട്ടയില്‍ ഭീകരവാദ പ്രവര്‍ത്തനമുണ്ടെന്ന എസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ നടപടി.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഭൂമിയില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐപിഎസ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈരാറ്റുപേട്ട പ്രദേശത്തെ ഭീകരവാദ പ്രശ്നങ്ങളെ സംബന്ധിച്ച പരാമര്‍ശം ഉണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ടയില്‍ മതപരമായ പ്രശ്‌നങ്ങള്‍, തീവ്രവാദ പ്രശ്‌നങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ നിലനില്‍ക്കുന്നുണ്ടെന്ന് എസ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ടും, അന്വേഷണം ആവശ്യപ്പെട്ടും ബിജെപി പരാതി നല്‍കിയിരുന്നു.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തി പ്രാപിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും അടിയന്തരമായി കേന്ദ്ര ഇടപെടല്‍ വേണം എന്നുമാവശ്യപ്പെട്ടാണ് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി അമിത്ഷായ്‌ക്ക് കത്തയച്ചത്.