പാലാ ജൂബിലിത്തിരുനാള്‍ ഇന്ന്;  പട്ടണം ജനസാഗരമാകും; പാലായിലേയ്ക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് മരിയഭക്തര്‍; നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പാലാ ജൂബിലിത്തിരുനാള്‍ ഇന്ന്; പട്ടണം ജനസാഗരമാകും; പാലായിലേയ്ക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് മരിയഭക്തര്‍; നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖിക

പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് ആയിരക്കണക്കിന് മരിയഭക്തര്‍ പാലായിലേയ്ക്ക് ഒഴുകിയെത്തും.

ഇന്നലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചു. കത്തീഡ്രല്‍ വികാരി ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകുന്നേരം ആഘോഷമായ പ്രദക്ഷിണം നടന്നു.
ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന തിരുനാള്‍ ദിനമായ ഇന്നു രാവിലെ 6.30 നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ചു. എട്ടിനു സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി. പത്തിന് വിശുദ്ധ കുര്‍ബാന. 11.30നു ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം, വൈകുന്നേരം നാലിനു ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, രാത്രി 8.45ന് തിരുനാള്‍ സന്ദേശം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തുടര്‍ന്ന് സമ്മാനദാനം.

നാളെ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, 11.30ന് മാതാവിന്റെ തിരുസ്വരൂപം കപ്പേളയില്‍ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപിക്കും.

ജൂബിലി സാംസ്‌കാരിക ഘോഷയാത്രയാണ് ജൂബിലി തിരുനാളിന്റെ ഇത്തവണത്തെ പ്രത്യേകത. രാവിലെ 11.30നു സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മഹാറാണി കവലയില്‍ സമാപിക്കും.

സാംസ്‌കാരിക ഘോഷയാത്രയെ തുടര്‍ന്ന് സിവൈഎംഎല്‍ നടത്തുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി നടത്തുന്ന ബൈബിള്‍ ടാബ്ലോ മത്സരവും ഉണ്ടായിരിക്കും. ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സര വിജയികള്‍ക്ക് യഥാക്രമം 10000, 7500, 5000 രൂപ വീതം നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം 2000 രൂപയും നല്‍കും.

നഗരത്തില്‍ ഗതാഗത നിയന്ത്രണം

ജൂബിലി തിരുനാളിനോടനുബന്ധിച്ച്‌ പാലാ ടൗണില്‍ ഇന്നു രാവിലെ പത്തു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂര്‍ ഭാഗത്തു നിന്നും ബൈപ്പാസ് റോഡുവഴി പോകണം.
ഈരാറ്റുപേട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മഹാറാണി ജംഗ്ഷന്‍, കിഴതടിയൂര്‍ ജംഗ്ഷന്‍ വഴി ബൈപ്പാസിലൂടെയും പൊന്‍കുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ 12 ാം മൈലില്‍ നിന്നും കടപ്പാട്ടൂര്‍ ബൈപ്പാസ് വഴിയും പോകണം.
തൊടുപുഴ റൂട്ടില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപ്പാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരണം.