
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ മോഷ്ടാവെന്ന് സംശയിച്ച് ആള്‍ക്കൂട്ട മർദ്ദനത്തില്‍ കൊല്ലപ്പെട്ടത് സന്ദീപ് നായർ എന്ന യുവാവ് എന്ന് സൂചന.
പോലീസ് അധികൃതരില്‍ നിന്നും ശേഖരിച്ച വിവരങ്ങളനുസരിച്ച് ഒരു ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തത്.
എന്നാല്‍, മരിച്ച യുവാവിന്റെ വിവരങ്ങള്‍ പൂർണമായി ശേഖരിച്ച് തിരിച്ചറിഞ്ഞ് വ്യക്തമായി സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല..
ജൂണ്‍ 9 ന് സൗത്ത് 24 പർഗനാസിലെ കുല്‍ത്താലി സാങ്കിജഹാൻ പ്രദേശത്താണ് സംഭവം. യുവാവ് താമസിച്ചിരുന്ന വീടിന്റെ ഉടമ അദ്ദേഹത്തെ സന്ദീപ് നായർ എന്നാണ് തിരിച്ചറിഞ്ഞതെന്ന് കുല്‍ത്താലിയിലെ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാല്‍ കേരളത്തിലെ അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ ആ പേരില്‍ തിരിച്ചറിയലോ വിലാസമോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രാദേശിക ഭരണകൂടം കേരള സർക്കാരുമായി ബന്ധപ്പെടുന്നുണ്ട് എന്ന് സൂചനയുണ്ട്. സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളുടെ അഭാവം മൂലം കുടുംബവുമായി ബന്ധപ്പെടാനും ഇതുവരെ സാധിച്ചിട്ടില്ല.
ആക്രമണത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേരുള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇയാളെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ജോലി ആവശ്യത്തിനായി കേരളത്തില്‍ നിന്നും കുല്‍താലിയിലെ സങ്കീജഹാൻ എന്ന സ്ഥലത്ത് എത്തിയതായിരുന്നു യുവാവ്. ഇയാളോടൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് ഏകദേശം രണ്ട് ആഴ്ച മുമ്പ് കുല്‍ത്താലിയിലെ സാങ്കിജഹാനിലുള്ള പരിചയക്കാരന്റെ വീട്ടിലെത്തി.
ഒരു ദിവസം പ്രാദേശിക മാർക്കറ്റില്‍ പോയി മടങ്ങുന്നതിനിടെ വഴി തെറ്റി അബദ്ധത്തില്‍ മറ്റൊരു പ്രദേശത്തേക്ക് കടന്നു. പരിചയമില്ലാത്ത ഒരു യുവാവ് പ്രദേശത്ത് അലഞ്ഞുനടക്കുന്നത് കണ്ട നാട്ടുകാർ സംശയിച്ചു.ഭാഷ മനസ്സിലാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ബംഗാളി സംസാരിക്കുന്ന നാട്ടുകാർ സംശയിക്കാൻ തുടങ്ങി. ബംഗാളി അറിയാത്തതിനാല്‍ അവിടുത്തെ ആളുകള്‍ക്ക് തന്നെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. “കള്ളൻ” എന്ന് വിളിച്ചു കയറുകൊണ്ട് കെട്ടിയിട്ടു മൃഗീയമായി മർദിച്ചു.
ആള്‍ക്കൂട്ട ആക്രമണത്തിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കയറുകൊണ്ട് കെട്ടിയിട്ട നിലയില്‍ ക്രൂരമായ മർദനത്തിനിരയായ യുവാവിന്റെ ദയനീയ നിലവിളികള്‍ അതില്‍ കേള്‍ക്കാം. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് തന്നെ വിട്ടയക്കണമെന്ന് ആവർത്തിച്ച് അപേക്ഷിക്കുന്നതും കേള്‍ക്കാം. എന്നാല്‍ അപേക്ഷ ആരും ചെവിക്കൊണ്ടില്ല. വേദനയോടെയുള്ള അദ്ദേഹത്തിന്റെ നിലവിളികള്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല.
തുടർന്ന് ഇയാളെ ആരൊക്കെയോ ചേർന്ന് രക്ഷപെടുത്തി ജോയ്നഗർ കുല്‍ത്താലി ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സമയം ഏറെ വൈകിപോയിരുന്നു. ഗുരുതരമായ പരിക്കുകള്‍ മൂലം യുവാവ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി..
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 14-ന് പൊലീസ് കുല്‍ത്താലിയില്‍ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉള്‍പ്പടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്ന് പേരെ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 103 പ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.







