
തൃശ്ശൂർ: സംസ്ഥാനത്തെ പൊതുഗതാഗത മേഖലയില്‍ പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുമായി കെഎസ്‌ആര്‍ടിസി ആരംഭിച്ച ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടന ദിനത്തില്‍ തന്നെ വിവാദത്തില്‍.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ‘ഇന്ദിരാ ഗ്യാരന്റി’ എന്ന പേരില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതിയിലൂടെ യാഥാര്‍ഥ്യമായത്. സ്ത്രീകളുടെ സൗജന്യ യാത്ര എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്.
സംസ്ഥാനത്തുടനീളം കെഎസ്‌ആര്‍ടിസിയുടെ ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി 3,125 ബസുകളിലാണ് ഈ സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ ബസുകളിലെല്ലാം യാത്രക്കാര്‍ക്ക് തിരിച്ചറിയാനായി ‘പ്രിയദര്‍ശിനി സൗജന്യ യാത്ര’ എന്ന പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, നാടൊട്ടുക്കും വലിയ ആഘോഷത്തോടെയും പ്രതീക്ഷയോടെയും ആരംഭിച്ച പദ്ധതിയുടെ ആദ്യ ദിനം തന്നെ വലിയ തോതിലുള്ള പരാതികള്‍ക്കും കടുത്ത ആക്ഷേപങ്ങള്‍ക്കും വഴിവെച്ചു. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് സര്‍വീസ് നടത്തിയ ഓര്‍ഡിനറി ബസില്‍ യാത്ര ചെയ്ത കൊരട്ടി സ്വദേശികളായ വിദ്യാര്‍ഥിനികളില്‍ നിന്ന് കണ്ടക്ടര്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയതാണ് പ്രധാന വിവാദത്തിന് കാരണമായത്.
തൃശൂരില്‍ രാവിലെ ഒമ്പത് മണിയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ പ്രാദേശികതല ഉദ്ഘാടനം ഫ്ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം. സൗജന്യ യാത്ര ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ രാവിലെ എട്ടര മുതല്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന വിദ്യാര്‍ഥിനികള്‍ 9.35ഓടെയാണ് ചാലക്കുടി ബസില്‍ കയറിയത്. ബസില്‍ കയറിയ ഉടനെ ജീവനക്കാര്‍ പൂച്ചെണ്ടും ലഡുവും നല്‍കി ഇവരെ ആവേശപൂര്‍വ്വം സ്വീകരിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ടിക്കറ്റ് എടുത്തപ്പോള്‍ ഇവരുടെ കയ്യില്‍ നിന്നും സാധാരണ രീതിയില്‍ പണം ഈടാക്കുകയായിരുന്നു.
‘ഫീമെയില്‍’ എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിയെങ്കിലും അതിന് തുക ഈടാക്കിയ നടപടി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് പെണ്‍കുട്ടികള്‍ വ്യക്തമാക്കി. ‘മധുരം കിട്ടി, പക്ഷെ സൗജന്യം കിട്ടിയില്ല’ എന്ന അവസ്ഥയായിരുന്നു തങ്ങള്‍ക്കെന്ന് വിദ്യാര്‍ഥിനികള്‍ അമര്‍ഷത്തോടെ പ്രതികരിച്ചു. ഇതേക്കുറിച്ച് ബസ് ജീവനക്കാരോട് ചോദിച്ചപ്പോള്‍, ടിക്കറ്റിംഗ് മെഷീനുകളിലെ സിസ്റ്റം അപ്ഡേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന സാങ്കേതിക കാരണമാണ് അവര്‍ വിശദീകരണമായി നല്‍കിയത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെഎസ്‌ആര്‍ടിസിയിലെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര കല്ലുകടിയായി. രാവിലെ ഒമ്പതു മുതല്‍ എത്തിയ യാത്രികര്‍ക്ക് ആദ്യം സൗജന്യ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തില്‍ സൗജന്യ ടിക്കറ്റ് ആയ പൂജ്യം തുക ടിക്കറ്റുകള്‍ ലഭ്യമാകാന്‍ വൈകിയതിനെ തുടര്‍ന്ന് ഉദ്ഘാടനവും ബസുകളിലെ യാത്രയും മുടങ്ങി.
സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ, വന്‍ തുക മുടക്കി പരസ്യം നല്‍കി നടപ്പിലാക്കിയ പ്രിയദര്‍ശിനി പദ്ധതിയുടെ ആദ്യ ദിനത്തിലെ ക്രമീകരണങ്ങളെക്കുറിച്ചും, സാങ്കേതിക സംവിധാനങ്ങളുടെ മുന്‍കൂട്ടിയുള്ള സജ്ജതയെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചോദ്യങ്ങള്‍ ഉയരുകയാണ്. കൃത്യമായ പരീക്ഷണങ്ങളും സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയതാണ് ഈ പാളിച്ചയ്ക്ക് കാരണമെന്നാണ് ഉയരുന്ന വിമര്‍ശനം.







