
ഫോർട്ട് കൊച്ചി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആവേശം പങ്കിടാൻ ഫോർട്ട് കൊച്ചിയിൽ ഫിഫ ഫാൻ സോൺ തുറന്നു. കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് ഉൾപ്പെടെയുള്ള സംഘാടകരാണ് ഫുട്ബോൾ ആരാധകർക്കായി വിപുലമായ ഫാൻ പാർക്ക് ഒരുക്കിയത്. ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
ലോകകപ്പ് മത്സരങ്ങൾ വ്യക്തതയോടെ ആസ്വദിക്കാൻ കൂറ്റൻ എൽഇഡി സ്ക്രീനുകളും പ്രൊജക്ടറുകളും ഫാൻ പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേഡിയം അനുഭവം പകരുന്ന ശബ്ദ സംവിധാനത്തിനൊപ്പം ഓരോ മത്സരത്തിനും മുമ്പായി ലൈവ് ബാൻഡ് പ്രകടനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
ബ്രസീലിന്റെ മത്സരം സംപ്രേഷണം ചെയ്ത ആദ്യ ദിനം തന്നെ ഫാൻ പാർക്കിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രിയ ടീമുകളുടെയും താരങ്ങളുടെയും ജേഴ്സിയണിഞ്ഞ് ആയിരക്കണക്കിന് ആരാധകർ ഫോർട്ട് കൊച്ചിയിലെത്തിയതോടെ പ്രദേശം ആഘോഷവേദിയായി മാറി. ലോകകപ്പ് മത്സരങ്ങൾ മുഴുവൻ തത്സമയം കാണാൻ സൗകര്യമൊരുക്കിയ ഫാൻ സോൺ വരും ദിവസങ്ങളിലും ഫുട്ബോൾ പ്രേമികളുടെ പ്രധാന സംഗമകേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ഓഫ് ഓപ്പറേഷൻസ് ബിനു റാം, കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, കൗൺസിലർ ഫൗസിയ സജീർ എന്നിവർ പങ്കെടുത്തു.







