
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരള കോണ്‍ഗ്രസുകള്‍ക്ക് നിർണായകം.12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് ഏഴ് സീറ്റില്‍ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ.
പാലായില്‍ ചെയർമാൻ ജോസ് കെ മാണിയുടെ വിജയവും മാണി ഗ്രൂപ്പിന് അനിവാര്യമാണ്.
പാലായില്‍ വീണ്ടുമൊരു തോല്‍വി സംഭവിച്ചാല്‍ അത് കേരള കോണ്‍ഗ്രസ് എമ്മിലെ ആഭ്യന്തര ബലാബലത്തില്‍ നിർണായകമാകും. പാർട്ടി തീരുമാനിക്കുംമുമ്പേ പാലായിലെ സ്ഥാനാർഥി ജോസായിരിക്കും എന്ന് പ്രഖ്യാപിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ നടപടി, ജോസിനെ സ്നേഹിക്കുന്നവർക്ക് അമർഷമുണ്ടാക്കിയിരുന്നു.
എട്ട് സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഏഴ് സീറ്റ് ലഭിക്കുമെന്ന ആത്മ വിശ്വാസത്താലാണ്. കൈവശമുള്ള രണ്ടില്‍നിന്ന് എത്ര കൂടുതല്‍ വന്നാലും അവർക്ക് നേട്ടമാണ്. എന്നാല്‍ വിജയം തൊടുപുഴയും കടുത്തുരുത്തിയും മാത്രമായി പരിമിതപ്പെട്ടാല്‍ മുന്നണിയിലെ വിഹിതം കുറയും. പാർട്ടിയുടെ അമരത്തേക്ക് കടന്നുവരുന്ന അപു ജോണ്‍ ജോസഫിനും ഫലം പ്രധാനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണേഷ് കുമാറിൻ്റെ കേരള കോണ്‍ഗ്രസ് ബി ക്കും അനുപ് ജേക്കബിൻ്റെ കേരളാ കോണ്‍ഗ്രസിനും നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണിത്. പത്തനാപുരത്തും പിറവത്തും വിജയം ഇവർക്ക് അനിവാര്യമാണ്. പത്തനാപുരത്ത് ശക്തമായ മത്സരമാണ് ഗണേഷ് കുമാര്‍ നേരിട്ടത്. ജ്യോതികുമാര്‍ ചാമക്കാലയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.
അതേസമയം തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടാല്‍ പാർട്ടിക്കകത്ത് ആഭ്യന്തര കലഹങ്ങള്‍ക്കും പുതിയ പിളർപ്പുകള്‍ക്കും സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.







