
കോട്ടയം: എല്‍.ഡി.എഫിന് ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടപ്പോള്‍ വൈക്കവും തകര്‍ന്നു. എല്‍.ഡി.എഫിന്റെ പി.
പ്രദീപിനെ പരാജയപ്പെടുത്തി കെ ബിനിമോന്‍ 1360 വോട്ടിനു വിജയിച്ചു. ബിനിമോന് 52944 വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫ് 51584 വോട്ട് മാത്രമേ പി പ്രദീപിന് ലഭിച്ചുള്ളൂ. ഇവിടെ സി.പി.ഐ വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന കെ. അജിത്തിന് 20297 വോട്ടുകള്‍ നേടി കഴിഞ്ഞ വോട്ടു നില ഉയര്‍ത്തി.
വൈക്കം സത്യഗ്രഹത്തിലൂടെ സുവര്‍ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ട മണ്ഡലമാണു വൈക്കം. നവോഥാന ചരിത്രത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത മണ്ഡലം. ഇവിടുത്തെ വോട്ടര്‍മാരുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വലിയ ധാര്‍മിക അടിത്തറയുണ്ട്. വൈക്കം മണ്ഡലത്തിലെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം യു.ഡി.എഫിന് അനുകൂലമാക്കി മാറ്റിയ ഘടകങ്ങള്‍ ഏറെയാണ്.
2016 മുതല്‍ വൈക്കത്തിന്റെ മുഖമായിരുന്നത് സിപിഐയിലെ സികെ ആശയാണ്. 2016-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എ. സനീഷ് കുമാറിനെതിരെ 24,584 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആശ, 2021-ല്‍ തന്റെ വിജയം ഒന്നുകൂടി ഉറപ്പിച്ചു. കോണ്‍ഗ്രസിലെ പിആര്‍ സോനയെ 29,122 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആശ പരാജയപ്പെടുത്തിയത്. സി കെ ആശ 71,388 വോട്ടുകള്‍ നേടിയപ്പോള്‍ പി ആര്‍ സോനയ്ക്ക് 42,266 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കുറി ആശ മാറി പ്രദീപ് എത്തി.ഭരണവിരുദ്ധ വികാരമില്ലെന്നാണ് ഇത്തവണയും ഇടത് പാളയം ഉറച്ചു വിശ്വസിച്ചിരുന്നു. വോട്ട് കുറഞ്ഞാലും വിജയിക്കുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷ. 2026ലെ പോരാട്ട ഫലം അതെല്ലാം തിരുത്തിയെറിയാന്‍ പോന്നതായിരുന്നു. തുടക്കം മുതല്‍ കടുത്ത മത്സരം കാഴ്ചവെച്ചു ബിനിമോന്‍ പി പ്രദീപിന് വെല്ലുവിളി ഉയര്‍ത്തി. തുടര്‍ന്ന് അവസാന റൗണ്ട് കൗണ്ടിങ്ങിലാണ് ലീഡ് ഉയര്‍ത്തിയത്.
സഹകരണ സ്ഥാപനങ്ങളും ട്രേഡ് യൂണിയനുകളും ഇടതുപക്ഷത്തിന് നല്‍കുന്ന അടിത്തറ മറികടക്കുക എന്നത് യുഡിഎഫിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍, ഇവിടെയെല്ലാം കടന്നു കയറി ബിനിമോന്‍ വോട്ടു പിടിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ മണ്ഡലത്തിലെ പരാജയം സി.പി.ഐയില്‍ വന്‍ പൊട്ടിത്തെറിയായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാക്കുക.







