play-sharp-fill
നിയമസഭാ സമ്മേളനം നാളെ മുതല്‍; ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസാക്കും; സര്‍ക്കാരിനെ കാത്തിരിക്കുന്നത് കനത്ത പ്രതിപക്ഷ പ്രതിഷേധം

നിയമസഭാ സമ്മേളനം നാളെ മുതല്‍; ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസാക്കും; സര്‍ക്കാരിനെ കാത്തിരിക്കുന്നത് കനത്ത പ്രതിപക്ഷ പ്രതിഷേധം

സ്വന്തം ലേഖിക

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ചേരുന്ന സമ്മേളനം ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസ്സാക്കും. വിഴിഞ്ഞം സമരം മുതല്‍ നഗരസഭയിലെ കത്ത് വിവാദത്തില്‍ വരെ കനത്ത പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാരിനെ കാത്തിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാല് സര്‍വ്വകലാശാലകളുടേയും ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണ് സഭാ സമ്മേളനത്തിന്‍റെ ഹൈലൈറ്റ്. അക്കാദമിക് രംഗത്തെ പ്രമുഖരെ സര്‍വ്വകലാശാല തലപ്പത്തിരുത്താനും ചെലവുകള്‍ സര്‍വ്വകലാശാല തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ടാകും.

സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സിലര്‍ എന്ന നിലക്ക് അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുളളത്. നിയമ നിര്‍മ്മാണത്തെ പ്രതിപക്ഷം എതിര്‍ക്കും. ഗവര്‍ണറുടെ ആര്‍എസ്‌എസ് ബന്ധം ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിരോധം പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കുമെന്ന കണക്ക് കൂട്ടലിലാണ് ഭരണപക്ഷം.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍, തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം, സില്‍വര്‍ ലൈനില്‍ നിന്നുള്ള പിന്‍മാറ്റം തുടങ്ങി സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ ആയുധങ്ങളേറെയാണ്. ശശി തരൂര്‍ വിവാദവും ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളിയും അടക്കം പ്രതിപക്ഷം പ്രതിരോധത്തിലാകുന്ന വിഷയങ്ങളും കുറവല്ല.

സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായിരിക്കെ സ്പീക്കര്‍ കസേരയിലെ ആദ്യ ഊഴം എ എന്‍ ഷംസീറിനും വെല്ലുവിളിയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ജനുവരിയിലേക്ക് സമ്മേളനം നീട്ടാനുളള നീക്കത്തിലാണ് സര്‍ക്കാര്‍.