
കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 6 – ന് സംസ്ഥാനത്ത് ഹർത്താല്‍ ആരംഭിച്ചു.
52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹർത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹർത്താൽ കോട്ടയത്ത് പൂർണമാണ്.
സ്വകാര്യ ബസ്, ടാക്സി, ഓട്ടോ ഒന്നും കോട്ടയത്ത് നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്.കെഎസ്ആർടിസിയും സർവീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു. കോട്ടയം നഗരത്തിൽ ഒരു പെട്ടിക്കട പോലും തുറന്നില്ല. മാർക്കറ്റ് അടഞ്ഞുകിടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഒന്നു രണ്ടു കെ എസ് ആർ ടി സി ബസുകൾ ഓടിയെങ്കിലും സമരക്കാർ തടഞ്ഞു.
സമരക്കാർ ഗാന്ധി സ്ക്വയറിൽ വാഹനങ്ങൾ തടഞ്ഞിട്ടു. നഗരം ചുറ്റി പ്രകടനം നടത്തി. ജില്ലയിലെങ്ങും ഹർത്താൽ പൂർണമാണ്.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക. രോഹിത് വെമുല നിയമം നടപ്പിലാക്കുക.നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഹര്‍ത്താല്‍.
ഹർത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.







