
മുതിർന്ന നാടകനടി നിലമ്പൂർ ആയിഷക്കെതിരെ തുടരുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഐഷ. ഇടതുപക്ഷ സ്ഥാനാർത്ഥിയായ എം സ്വരാജിന് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് നിലമ്പൂർ ഐഷക്ക് സൈബർ ആക്രമണം നേരിട്ടത്. വെടിയുണ്ടകളെ പേടിച്ചിട്ടില്ല പിന്നെയാണോ ഈ ആക്രമണമെന്നും തന്നെ അധിക്ഷേപിക്കുന്നവരോട് പുച്ഛം മാത്രമാമെന്നും നിലമ്പൂർ ആയിഷ മാധ്യമങ്ങളോട് പറഞ്ഞു.
ആരേന്ത് പറഞ്ഞാലും അവൻ്റെ പിന്തുണ എം സ്വരാജിനാണ്. മരിക്കാൻ പേടിയില്ല. വിമർശനങ്ങളെ അടിച്ച് തകർക്കാൻ മുമ്പും ശ്രമിച്ചിട്ടില്ല. മോശം ഭാഷ ഉപയോഗിക്കുന്നത് അവരുടെ സംസ്കാരമാണ്. പരാജയ ഭീതി കൊണ്ടാണ് ഇത് ചെയ്യുന്നത്. സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് ഐഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം മുതിർന്ന നാടകനടി നിലമ്പൂർ ഐഷക്കെതിരെ യുഡിഎഫ് നടത്തുന്ന സൈബർ ആക്രമണം സാംസ്കാരികമായി അധഃപതിച്ച പ്രവണതയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളത്തിൻ്റെ പോരാട്ടവീര്യത്തിൻ്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ് നിലമ്പൂർ ആയിഷ. അവരെ തെറിവിളി കൊണ്ട് നിശബ്ദയാക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിന്തിക്കാൻ പോലും ആകാത്ത പീഡനങ്ങൾ നേരിട്ട് ആളാണ് നിലമ്പൂർ ആയിഷയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരിച്ചു. നിലമ്പൂർ ആയിഷ എന്നത് നിലമ്പൂരിൻ്റെ പ്രതീകമാണ്. എൽഡിഎഫിന് വോട്ട് ചെയ്യും എന്ന് പറഞ്ഞതിൻ്റെ പേരിൽ അധിക്ഷേപിക്കാനും അശ്ലീലം പറയാനുമുള്ള നീക്കം ഹീനവും നീചവുമാണ്. അതിൻ്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇത് തിരുത്തണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.







