
കൊച്ചി: നാവികസേനാ ഉദ്യോഗസ്ഥനായി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അടൂര്‍ സ്വദേശി പിടിയിലായതിന് പിന്നാലെ പുറത്തുവരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ.
ഇയാളുടെ ആഡംബര വില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വ്യാജ സാധനശേഖരം കണ്ട് പൊലീസ് ഞെട്ടി. കാംകോയില്‍ ജോലി വാഗ്ദാനം ചെയ്ത് പന്തളം സ്വദേശിയായ യുവാവില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അടൂര്‍ സ്വദേശിയായ വിമലസ് നമ്പൂതിരി (ബിമല്‍ എസ്. നമ്പൂതിരി) എന്നയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് റെയ്ഡിനായി വില്ലയിലെത്തിയപ്പോള്‍ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമലസ് ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം പിന്തുടര്‍ന്ന് മാഞ്ഞാലിയില്‍ വെച്ചാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേവി ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചും പാലാരിവട്ടം പോലീസും നാവികസേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ ജൂണ്‍ 25-നാണ് പ്രതി വലയിലായത്.
ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറെ നാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതി താമസിച്ചിരുന്ന പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയ്ക്ക് എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വില്ലയ്ക്കുള്ളിൽ നാവികസേനാ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി ഉപയോഗിക്കുന്ന സാധനങ്ങൾ വ്യാജമായി നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്നത് കണ്ടെത്തി.
നേവി ഓഫീസര്‍മാരുടെ രണ്ട് ഔദ്യോഗിക തൊപ്പികള്‍ (ക്യാപ്പ്), ഔദ്യോഗിക വസ്ത്രങ്ങള്‍ (യൂണിഫോം), മെഡലുകള്‍, സെറിമോണിയല്‍ ചടങ്ങുകളില്‍ മാത്രം ഉപയോഗിക്കുന്ന ഔദ്യോഗിക വാള്‍ എന്നിവയാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്.
ഇതിനുപുറമേ വിവിധ റാങ്കുകള്‍ സൂചിപ്പിക്കുന്ന ഷോള്‍ഡര്‍ ബാഡ്ജുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വാഹനങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിക്കുന്ന ഔദ്യോഗിക കൊടി, പ്രത്യേക നമ്പറുകള്‍ രേഖപ്പെടുത്തിയ 6 വയര്‍ലെസ്സ് സെറ്റുകള്‍ (വാക്കിടോക്കികള്‍) എന്നിവയും പോലീസ് പിടിച്ചെടുത്തു.
മുമ്പ് ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (BARC) ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി നോക്കിയിരുന്ന സമയത്താണ് വിമലസ് നമ്പൂതിരിക്ക് സൈനിക-നാവിക ഉദ്യോഗസ്ഥരുമായി പരിചയമുണ്ടാകുന്നത്. അവരുടെ പെരുമാറ്റ രീതികളും റാങ്കുകളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഇയാള്‍ തട്ടിപ്പിനായി നേവി കമാന്‍ഡര്‍ വേഷം കെട്ടിയത്.
കൊച്ചി നേവല്‍ ബേസിന് അടുത്തുള്ള കടാരി ബാഗിലെയും തേവരയിലെയും കടകളില്‍ നിന്നാണ് ഇയാള്‍ ഈ യൂണിഫോമും ബാഡ്ജുകളും സംഘടിപ്പിച്ചത്.
നേവി കമാന്‍ഡര്‍ ചമഞ്ഞ് ഇയാള്‍ പല പൊതുപരിപാടികളിലും രാഷ്ട്രീയ ചടങ്ങുകളിലും മുഖ്യാതിഥിയായി വരെ പങ്കെടുത്ത് ആളുകളെ വിശ്വസിപ്പിച്ചിരുന്നു.
ചോദ്യം ചെയ്യലില്‍, ‘ഭാര്യയെ സന്തോഷിപ്പിക്കാന്‍ വേണ്ടി’ വാങ്ങി സൂക്ഷിച്ചതാണ് ഈ വസ്ത്രങ്ങളും സാധനങ്ങളുമെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ വിചിത്രമായ മൊഴി. ഇയാളുടെ ഭാര്യ മില്‍മയിലാണ് ജോലി ചെയ്യുന്നതെന്ന വാദവും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ കൂടുതല്‍ ആളുകളില്‍ നിന്ന് നേവിയിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ തട്ടിപ്പിനിരയായവര്‍ പാലാരിവട്ടം പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.







