ഒരു മാസത്തെ ശമ്പളം നിർബന്ധിതമായി ഈടാക്കരുത്; എൻജിഒ അസോസിയേഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തിലെ വലിയ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പ്രളയ ദുരന്തത്തിന്റെ ഇരകളായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, 1 മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 തവണകളായി സംഭാവന ചെയ്യണമെന്ന ബഹു: മുഖ്യമന്ത്രിയുടെ അഭ്യർത്ഥന നിർബന്ധിതമായി നടപ്പിലാക്കരുതെന്ന് എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡണ്ട് എൻ.കെ.ബെന്നി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. പുന:രധിവാസ ക്ഷേമപദ്ധതികളിൽ പ്രളയ ദുരന്തത്തിനിരകളായ സർക്കാർ ജീവനക്കാരേയും അധ്യാപകരേയും ഉൾപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് മതിയായ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തണമെന്നും പ്രളയ ദുരന്ത സാഹചര്യം കണക്കിലെടുത്ത്, കഴിഞ്ഞ 2 വർഷമായി നടത്തി വരുന്ന എല്ലാ രാഷട്രീയ പ്രേരിത സ്ഥലം മാറ്റങ്ങളും സസ്‌പെൻഷനുകളും പുന:പരിശോധിച്ച് തിരുത്തി ഉത്തരവിറക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം തുടർന്ന് ആവശ്യപ്പെട്ടു.