
ജയ്പുർ: രാജസ്ഥാനിലെ ഭിൽവാരയിൽ നീറ്റ് യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിറ്റഴിച്ച വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരി (19) ആണ് പിടിയിലായത്. ചോദ്യപ്പേപ്പറിന് 4,000 രൂപ വീതം ഈടാക്കിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ദില്ലിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥി കുടുങ്ങിയത്. ‘പേപ്പർ മാഫിയ’ എന്ന ടെലഗ്രാം ചാനലിലൂടെ വ്യാജ ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്ത ഇയാൾ തിരിച്ചറിയൽ മറയ്ക്കാൻ വിപിഎന്നും പ്രോക്സി നെറ്റ്‌വർക്കുകളും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ചാനലിൽ 52 അംഗങ്ങളുണ്ടായിരുന്നുവെന്നും ക്യൂആർ കോഡ് വഴിയാണ് പണം സ്വീകരിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
നീറ്റ് പരിശീലന പുസ്തകങ്ങളിലെ ചോദ്യങ്ങൾ സ്കാൻ ചെയ്ത് യഥാർഥ ചോദ്യപ്പേപ്പറുകളെന്ന വ്യാജേന വിൽപ്പന നടത്തിയിരുന്ന ആകാശിനെതിരെ ഐടി ആക്ടും പബ്ലിക് എക്സാമിനേഷൻ ആക്ടും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോൺ, പഠനസാമഗ്രികൾ, രേഖകൾ എന്നിവ പിടിച്ചെടുത്ത പൊലീസ് ബാങ്ക് ഇടപാടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും എത്ര പേരെ കബളിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






