നെടുങ്കണ്ടം കസ്റ്റഡി മരണം: മാരകമായി പരിക്കേറ്റ രാജ്കുമാറിനെ ആശുപത്രിയിലാക്കാൻ മജിസ്‌ട്രേറ്റും നിർദേശിച്ചില്ല; മജിസ്‌ട്രേറ്റിനെതിരെയും അന്വേഷണം

നെടുങ്കണ്ടം കസ്റ്റഡി മരണം: മാരകമായി പരിക്കേറ്റ രാജ്കുമാറിനെ ആശുപത്രിയിലാക്കാൻ മജിസ്‌ട്രേറ്റും നിർദേശിച്ചില്ല; മജിസ്‌ട്രേറ്റിനെതിരെയും അന്വേഷണം

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: പീരുമേട്ടിൽ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയ രാജ്കുമാറിനെ പൊലീസ് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാളെ റിമാൻഡ് ചെയ്ത മജിസ്‌ട്രേറ്റുമാരും പ്രതിക്കൂട്ടിൽ. ഗുരുതരാവസ്ഥയിലായ രാജ്കുമാറിനെ കോടതിയിൽ എത്തിച്ചിട്ടും ആശുപത്രിയിലേയ്ക്കു മാറ്റാതെ റിമാൻഡ് ചെയ്ത മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം ആരംഭിച്ചു. ഏതു സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റ് രാജ്കുമാറിനെ റിമാൻഡ് ചെയ്തതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിനെ മർദിച്ചോ എന്നത് പോലും ചോദിക്കാൻ മജിസ്‌ട്രേറ്റ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നടക്കാൻ കഴിയാതെ അവശനിലയിലായിരുന്ന രാജ്കുമാറിനെ പോലീസ് വാഹനത്തിന് അടുത്ത് എത്തിയാണ് മജിസ്ട്രേറ്റ് കണ്ടത്. എന്നിട്ടും ഇയാളെ ജയിലിലേക്ക് അയച്ചതാണ് അന്വേഷിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കാതിരുന്നതെന്തിനാണെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂൺ 15 നാണ് രാജ്കുമാറിനെ റിമാൻഡ് ചെയ്യുന്നത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നിന്ന് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാൽ നെടുങ്കണ്ടം മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിൽ രാജ്കുമാറിനെ ഹാജരാക്കിയത്. ഇവരാണ് റിമാൻഡ് ചെയ്യാനുള്ള ഉത്തരവ് നൽകിയത്. എന്നാൽ റിമാൻഡിലിരിക്കെ രാജ്കുമാർ മരിച്ചത് വിവാദമാവുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കസ്റ്റഡി മർദ്ദനം സൂചിപ്പിക്കുകയും ചെയ്തതോടെയാണ് ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി അന്വേഷിക്കുന്നത്.

മജിസ്ട്രേറ്റിന്റെ ഭാഗം കേട്ടതിന് ശേഷം വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടികൾ ഇവർക്ക് നേരിടേണ്ടി വരും.

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്ബ് നെടുങ്കണ്ടം ആശുപത്രിയിൽ ഹാജരാക്കി പരിക്കുകൾ ഇല്ല എന്ന് വ്യക്തമാക്കുന്ന രേഖ പോലീസുകാർ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖ വ്യാജമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം രാജ്കുമാരിന്റെ നാല് വാരിയെല്ലുകൾ ഒടിഞ്ഞതായാണ് പറയുന്നത്. ഇത് കൂടാതെ 14 മുറിവകളും ഏഴ് ചതവുകളും ദേഹത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. റിമാൻഡ് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ 25 ഗൗരവമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. അതിനാൽ മർദ്ദനത്തിന് ശേഷമാണ് പോലീസ് രാജ്കുമാറിനെ ഇടുക്ക് മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ചത് എന്നാണ് വ്യക്തമാകുന്നത്.