Spread the love

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പങ്കാളിയായ അഷ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മ അഖിലയെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കുട്ടി ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

video
play-sharp-fill

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് മരണമെന്നായിരുന്നു ആദ്യം അഷ്‌കർ പൊലീസിനും ആശുപത്രി അധികൃതർക്കും നൽകിയ വിശദീകരണം. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ കുഞ്ഞിനെ ഇന്നലെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചതും അഷ്‌കറായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ ഇൻക്വസ്റ്റിലാണ് കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. ഇതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ശക്തമായി.

അഷ്‌കർ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അമ്മൂമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റതിന് സമാനമായ പാടുകളും ഉണ്ടായിരുന്നുവെന്നാണ് മുത്തച്ഛൻ സുനിൽകുമാറിന്റെ ആരോപണം. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതുപോലുള്ള മുറിവുകളാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഖിലയുടെ ആദ്യ ഭർത്താവിന്റെ പിതാവാണ് സുനിൽകുമാർ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തി കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group