നയന സൂര്യയുടെ മരണം: തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്‌പി മധുസൂദനന്റെ നേതൃത്വത്തില്‍ അന്വേഷിക്കും; മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും.
മ്യൂസിയം പൊലീസ് അന്വേഷിച്ചിരുന്ന കേസ് തെളിയിക്കപ്പെടാത്ത കേസായി അവസാനിപ്പിച്ചിരുന്നു. മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത വര്‍ദ്ധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വകുപ്പുതല പരിശോധനയിലെ കണ്ടെത്തല്‍. മതിയായ ശാസ്ത്രീയ തെളിവുകള്‍ പോലും ശേഖരിക്കാത്ത കേസില്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം സത്യാവസ്ഥ പുറത്തു കൊണ്ടുവരുക ക്രൈം ബ്രാഞ്ചിന് വെല്ലുവിളിയായിരിക്കും.
നയനയെ മൂന്നു വര്‍ഷം മുന്‍പാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു.
എന്നാല്‍ കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഈയടുത്ത് കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കള്‍ രംഗത്തെത്തിയതോടെ കേസിന് വീണ്ടും അനക്കം വെച്ചു.
നയന സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്നാണ് മ്യൂസിയം പൊലീസ് കണ്ടെത്തിയത്. സഹോദരന്‍ മധു ഇക്കാര്യം തള്ളി രംഗത്ത് വന്നു.
മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് അന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി. നയനയുടെ കഴുത്തിലെ പാടുകള്‍ നയനയുടെ നഖം കൊണ്ടതെന്നാണ് അന്ന് പൊലീസ് പറഞ്ഞത്.
ശരീരത്തില്‍ ഉണ്ടായിരുന്നത് ചെറിയ മുറിവുകളെന്നും പൊലീസ് കളവ് പറഞ്ഞു. പൊലീസുകാരാണ് ഈ കേസിലെ ഒന്നാം പ്രതിയെന്നും അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മധു ആവശ്യപ്പെടുന്നു.