നാഗമ്പടം ബസ് സ്റ്റാൻഡ് വീണ്ടും കുരുതിക്കളമായി: ഇത്തവണ ചോര വീണത് കണ്ടക്ടറുടെ: അടിക്കടി അപകടമുണ്ടായിട്ടും ആശ്രദ്ധ കുറയ്ക്കാതെ ഡ്രൈവർമാർ

നാഗമ്പടം ബസ് സ്റ്റാൻഡ് വീണ്ടും കുരുതിക്കളമായി: ഇത്തവണ ചോര വീണത് കണ്ടക്ടറുടെ: അടിക്കടി അപകടമുണ്ടായിട്ടും ആശ്രദ്ധ കുറയ്ക്കാതെ ഡ്രൈവർമാർ

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ ഡ്രൈവർമാരുടെ അശ്രദ്ധയിൽ വീണ്ടും അപകടം. ഇതു വരെ യാത്രക്കാരാണ് ബലിയാടായിരുന്നതെങ്കിൽ ഇത്തവണ സ്വന്തം സഹപ്രവർത്തകന്റെ കാലാണ് സ്വകാര്യ ബസ് ഡ്രൈവർ എടുത്തത്. സ്റ്റാൻഡ് പിടിക്കാനുള്ള മത്സര ഓട്ടം തന്നെയാണ് ഇവിടെയും വില്ലനായി മാറിയത്.
മുണ്ടക്കയം – ഇളംകാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ചെന്നീക്കര ബസിന്റെ കണ്ടക്ടർ ഇളംകാട് മതിയാത്ത് ജനാർദനന്റെ മകൻ പ്രദീപ് (45) നാണ് പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു സംഭവം. തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന അമ്മുക്കുട്ടി എന്ന ബസ് സ്റ്റാൻഡ് പിടിക്കുന്നതിനായി അമിത വേഗത്തിൽ പാഞ്ഞെത്തുകയായിരുന്നു. ബസ് പാഞ്ഞ് വരുന്നത് കണ്ട് പ്രദീപ് ഓടി മാറിയെങ്കിലും ബസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തി. പ്രദീപിന്റെ കാലിലൂടെ ബസ് കയറി ഇറങ്ങുകയും ചെയ്തു. ഓടിക്കൂടിയ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് പ്രദീപിനെ പുറത്ത് എടുത്തത്. തുടർന്ന് ഉടൻ
തന്നെ പ്രദീപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രദീപിന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
നാഗമ്പടം ബസ് സ്റ്റാൻഡിൽ നിരവധി അപകടങ്ങളാണ് ഇതിന് മുൻപ് നടന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം അപകടത്തിൽ മരിച്ചിട്ടുമുണ്ട്. വീട്ടമ്മ നാഗമ്പടം സ്റ്റാൻഡിന് നടുവിൽ ബസ് ഇടിച്ച് മരിച്ചതിനെ തുടർന്നാണ് ഇവിടെ ഗതാഗത നിയന്ത്രണം പോലും ഏർപ്പെടുത്തിയത്. എന്നാൽ ഇതൊന്നും ഫലപ്രദമായി നടപ്പിലായില്ലെന്നതാണ് ഇപ്പോഴുണ്ടായ അപകടവും സൂചിപ്പിക്കുന്നത്. സ്റ്റാൻഡിന്റെ രണ്ടാം നിലയിൽ നിന്ന് പൊലീസ് കൺട്രോൾ റൂം കൂടി മാറിയതോടെ നിലവിൽ പൊലീസ് സാന്നിധ്യം തന്നെ സ്റ്റാൻഡിൽ പേരിന് മാത്രമായി.