play-sharp-fill
നാൽപതിലധികം വൈദ്യന്മാരുടെ സഹായത്തോടെ നിർമിച്ച മണ്ണുകൊണ്ടൊരു മരുന്നു വീട്‌, മൃണ്മയം; അങ്ങാടിക്കടയുടെ ഗന്ധമുള്ള ഒറ്റമുറിവീട്ടിൽ താമസിച്ചാൽ അസുഖം വരില്ലേ? പച്ചമരുന്നുകൾ അരച്ചുചേർത്തൊരു വീട്; അറിയാം മൃണ്മയത്തിന്റെ കൂടുതൽ വിശേഷങ്ങൾ

നാൽപതിലധികം വൈദ്യന്മാരുടെ സഹായത്തോടെ നിർമിച്ച മണ്ണുകൊണ്ടൊരു മരുന്നു വീട്‌, മൃണ്മയം; അങ്ങാടിക്കടയുടെ ഗന്ധമുള്ള ഒറ്റമുറിവീട്ടിൽ താമസിച്ചാൽ അസുഖം വരില്ലേ? പച്ചമരുന്നുകൾ അരച്ചുചേർത്തൊരു വീട്; അറിയാം മൃണ്മയത്തിന്റെ കൂടുതൽ വിശേഷങ്ങൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: അപൂർവ്വയിനം പച്ചമരുന്നുകൾ അരച്ചുചേർത്ത മണ്ണുകൊണ്ട്‌ നിർമ്മിച്ച മരുന്നു മൺവീട്‌ മൃണ്മയത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങ്‌ ഡിസംബർ മൂന്നിന് ആണ് നടന്നത്. പത്തനംതിട്ട ജില്ലയിലെ അടൂർ മാഞ്ഞാലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് ഒരുപാട് പ്രത്യേകതകളുണ്ട്. വിഖ്യാത രേഖാചിത്രകാരനായ ജിതേഷ്ജിയും ജീവകാരുണ്യപ്രവർത്തക ഡോ എം എസ്‌ സുനിൽ ടീച്ചറും ചേർന്നാണ് നെല്ലിമുകൾ മലങ്കാവിൽ നടക്കുന്ന ഗൃഹപ്രവശനച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. അടൂരിന്റെ രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക മേഖലകളിലെ ശ്രേഷ്ഠവ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരിക്കും. വേൾഡ്‌ റെക്കോർഡ്‌ ശിലാ മ്യൂസിയത്തിന്റേതാണ് ഈ സംരംഭം.

അടൂർ കടമ്പനാട് തുവയൂർ തെക്കിൽ നിർമാണം പൂർത്തിയാക്കിയ ഒറ്റമുറി വീടിന് അങ്ങാടിക്കടയുടെ ഗന്ധമാണ്. ഫാനില്ലെങ്കിലും നല്ല കാറ്റുണ്ട്. ചൂടിനെ പ്രതിരോധിക്കാനുള്ള കരുത്തുണ്ട്. ഔഷധക്കൂട്ടുകൾ ഉപയോഗിച്ചു പഴമക്കാർ വീടുകൾ നിർമിച്ചിരുന്നെന്ന അറിവാണ് ശിലാ സന്തോഷ് എന്ന ശിൽപിയുടെ ഉള്ളിൽ മരുന്നു കൊണ്ടൊരു മൺവീട് എന്ന് ആശയം രൂപപ്പെടുത്തിയത്. നാൽപതിലധികം വൈദ്യന്മാരുടെ സഹായത്തോടെയാണിത് പൂർത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടു നിർമാണത്തിനായി 2015ൽ തുടങ്ങിയ ഗവേഷണം 2020ൽ ആണ് സന്തോഷ് പൂർത്തിയാക്കിയത്. സ്വന്തം പറമ്പിൽ വീട് നിർമിക്കാനിരിക്കെയാണ് അൾട്രാ റൺ (100 മൈൽ ഓട്ടം) ഓട്ടത്തിൽ പ്രസിദ്ധനായ ജേക്കബ് തങ്കച്ചനെ പരിചയപ്പെടുന്നത്. ഭാര്യാപിതാവ് കടമ്പനാട് ഗിരിനികേതനിൽ ടി.കെ.ജോർജിന്റെ വസ്തുവിൽ ഔഷധ വീട് നിർമിക്കാമെന്ന് ജേക്കബ് തങ്കച്ചൻ സമ്മതിച്ചതോടെ വീടിനു കല്ലുപാകി. പൂർണമായും മണ്ണു കുഴച്ച് കട്ടയാക്കിയാണ് നിർമാണം.

മണ്ണിൽ കൃത്യമായ അളവിൽ ഔഷധ സസ്യങ്ങളും പൊടികളും ചേർത്തു. കട്ടയ്ക്ക് ഉറപ്പുണ്ടാകാൻ വരാൽ പശ, ചുണ്ണാമ്പ് വള്ളി, കുളമാവിന്റെ തോൽ എന്നിവ ചേർത്തു. തണുപ്പിന് 100 കിലോ രാമച്ചം കുഴച്ചു ചേർത്തു. കട്ടയ്ക്ക് ഉറപ്പിനു വേണ്ടി തൃഫല കഷായവും ചേർത്തു. കസ്തൂരി മഞ്ഞൾ, വാടാ മഞ്ഞൾ, കരി മഞ്ഞൾ, കറി മഞ്ഞൾ, പാണലിന്റെ ഇല എന്നിവ കീടങ്ങളെ അകറ്റുന്നതിനായി ചേർത്തു. പച്ചക്കർപ്പൂരവും കുന്തിരക്കവുമാണ് വീടിനു മണം നൽകുന്നത്.

രക്ത ചന്ദനം, ചന്ദനം, ഊദ്, കരിങ്ങാലി, അശോക പട്ട എന്നിവയും മണത്തിനും ഗുണത്തിനും പൊടിച്ചും ചതച്ചും അരച്ചും ചേർത്തു. നാടൻ പശുവിന്റെ ചാണകം, മൂത്രം എന്നിവയും വൈക്കോൽ, മുള എന്നിവയും വീട് നിർമാണത്തിൽ ഉപയോഗിച്ചു. മേൽക്കൂരയിൽ ഓട് പാകി, അതിനടിയിൽ കാഞ്ഞിരത്തിന്റെ പലകയിട്ടാണ് സീലിങ് നിർമിച്ചത്. വാസ്തു വിദഗ്ധൻ ഓമനക്കുട്ടൻ ചങ്ങനാശേരിയാണ് വീടിന്റെ സ്ഥാനം നിർണയിച്ചതും കുറ്റി വച്ചതും. കാറ്റാണ് വീടിന്റെ പ്രധാന ആകർഷണം. വൈദ്യുതീകരിച്ചിട്ടില്ല.

ഏതു വലിയ ചൂടിലും വീടിനുള്ളിൽ തണുപ്പാണെന്ന് ഉടമ ജേക്കബ് തങ്കച്ചൻ പറഞ്ഞു. ഇതിനുള്ളിൽ കാഞ്ഞിരത്തിന്റെ തന്നെ കട്ടിലാണ് ഉപയോഗിക്കുക. എല്ലാം ചേർന്ന ഈ വീടിന് മൺവീട് എന്നർഥമുള്ള മൃണ്മയം എന്നാണ് പേര്. വീടിനു ചുറ്റും ഔഷധ തോട്ടം നിർമിക്കാനാണ് ജേക്കബിന്റെ പദ്ധതി. എല്ലാ തിരക്കുകളും വിട്ട് സ്വസ്ഥമായി കഴിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് മൃണ്മയിൽ വന്നു കഴിയാമെന്നാണ് ജേക്കബ് പറയുന്നത്. സംഗതി വിജയിക്കുകയാണെങ്കിൽ ഔഷധ കൂട്ടുകൾ നിറച്ച കൂടുതൽ ഒറ്റമുറി വീടുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.