
തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളെ ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക് വിടരുത് എന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാന രഹിതമെന്ന് മോട്ടോർ വാഹന വകുപ്പ്.
നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകള്‍ക്ക് യാതൊരു വിലക്കുമില്ലെന്നും എംവിഡി ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.
സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങളിലൊന്നും മാറ്റം വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും എംവിഡി ജനങ്ങളോട് അഭ്യർത്ഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നും ഓട്ടോയില്‍ സ്‌കൂളില്‍ അയക്കുന്നത് ഒഴിവാക്കണമെന്നും എംവിഡി നിർദേശിച്ചതായി നേരത്തേ ചില മാദ്ധ്യമങ്ങളില്‍ വാർത്ത വന്നിരുന്നു. ബിനീഷ് കോടിയേരി ഉള്‍പ്പെടെ നിരവധിപേർ ഇത് പങ്കുവച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക കുറിപ്പുമായി മോട്ടോർ വാഹന വകുപ്പ് എത്തിയിരിക്കുന്നത്.
എന്നാല്‍, യാതൊരു സുരക്ഷയുമില്ലാതെ അനുവദിച്ച എണ്ണത്തില്‍ കൂടുതല്‍ വിദ്യാർത്ഥികളെ ഓട്ടോറിക്ഷകളില്‍ കുത്തിനിറച്ചാണ് യാത്ര ചെയ്യുന്നതെന്നും ഇത് അപകടങ്ങള്‍ വരുത്തിവയ്‌ക്കുമെന്നുമാണ് എംവിഡിയുടെ പോസ്റ്റിന് താഴെ ഭൂരിഭാഗംപേരും കമന്റിട്ടിരിക്കുന്നത്.







