
സ്വന്തമായി പാസ്സ്പോർട്ടില്ല; പ്രവാസി സംഘടന രക്ഷാധികാരിയായത് പാസ്പോര്‍ട്ടില്ലാതെ; സ്വന്തമായുള്ളത് ഒരു ബാങ്ക് അക്കൗണ്ട്; അക്കൗണ്ടിൽ ഉള്ളത് 176 രൂപ; അക്കൗണ്ട് ബാലൻസ് കണ്ട് അന്തംവിട്ട് ക്രൈംബ്രാഞ്ച്
സ്വന്തം ലേഖിക
കൊച്ചി: മോൻസൺ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയെന്ന് സൂചന.
തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടിൽ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോൻസൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ കല്യാണ ആവശ്യങ്ങൾക്കായി സുഹൃത്തായ ജോർജിൽ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയെന്നും മോൻസൺ മൊഴി നല്കിയിട്ടുണ്ട്. അതേസമയം മോന്സൺ മാവുങ്കലിന് പാസ്പോര്‍ട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
പ്രവാസി സംഘടന രക്ഷാധികാരിയായത് പാസ്പോര്‍ട്ടില്ലാതെയാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല.
100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും മോന്സൺ ക്രൈംബ്രാഞ്ചിന് മൊഴി നല്കി. പുരാവസ്തുവെന്ന് പറഞ്ഞ് കള്ളത്തരത്തില്‍ ഉണ്ടാക്കിയെടുത്തതാണ് ഓരോ സാധനങ്ങളെന്നും മോന്സൺ പറഞ്ഞു. ഇതിലും വലിയ കള്ളം പറയുന്ന രാഷ്ട്രീയക്കാര്‍ക്കെതിരേ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും മോന്സണ് ക്രൈംബ്രാഞ്ചിനോട് ചോദിച്ചു.
അതേസമയം തട്ടിപ്പ് കേസില്‍ മോന്‍സനെതിരേ ക്രൈംബ്രാഞ്ച് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചു. പുരാവസ്തുക്കള്‍ വ്യാജമെങ്കില്‍ വഞ്ചനാക്കുറ്റത്തിനും കേസെടുക്കും. വ്യാജ ചികിത്സയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ നിലവില്‍ കേസെടുക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ജീവനക്കാർക്ക് ആറു മാസമായി ശമ്പളം നല്കിയിട്ടില്ലെന്നും മോൻസൺ പൊലീസിനോട് പറഞ്ഞു. അതേസമയം മോൻസന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്.
ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അതിനിടെ, മോൻസൺ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു.
സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മോൻസന്റെ ശബ്ദം സാംപിളുകൾ പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലുള്ളത് മോൻസന്റെ ശബ്ദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്.
ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും ശബ്ദം പരിശോധിക്കുക.