ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മോഹൻലാൽ

ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മോഹൻലാൽ

കൊച്ചി: ഇന്ത്യൻ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കാണാൻ നടൻ മോഹൻലാൽ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിൽ. സംവിധായകൻ മേജർ രവിക്കൊപ്പമാണ് മോഹൻലാൽ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിൽ എത്തിയത്. ഷിപ്പ്‌യാര്‍ഡിലെത്തിയ മോഹൻലാൽ നാവികസേനാംഗങ്ങളെ കാണുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. സേനയിലെ ഉന്നത ഉദ്യോഗസ്ഥർ മോഹൻലാലിന് മൊമെന്‍റോ കൈമാറി. ഐഎൻഎസ് വിക്രാന്തിനെ സന്ദർശിച്ച് സൈനികർക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്. ഷിപ്പ്‌യാര്‍ഡിലെത്തിയ മോഹൻലാലിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറിയത്. കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലാണിത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചത്. 2009ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്‍റണിയാണ് കപ്പലിന്‍റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 2010ൽ നിർമ്മാണം പൂർത്തിയാക്കി 2014ൽ കമ്മിഷൻ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, നിർമ്മാണം ആരംഭിച്ചതോടെ പല തടസ്സങ്ങളുണ്ടായി.

കടലിലെ ഏത് സാഹചര്യത്തിലും മുന്നേറാനുള്ള ശേഷി ഈ കപ്പലിനുണ്ട്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. കപ്പലിന്‍റെ നീളം 262 മീറ്ററാണ്. വനിതാ ഓഫീസർമാർ ഉൾപ്പെടെ 1,500 പേരെ ഉൾക്കൊള്ളാൻ കഴിയും. 50ലധികം ഇന്ത്യൻ കമ്പനികൾ ഐഎൻഎസ് വിക്രാന്തിന്‍റെ നിർമ്മാണം ഏറ്റെടുത്തിട്ടുണ്ട്. ഒരു സമയം 30 വിമാനങ്ങൾ വരെ വഹിക്കാൻ കപ്പലിന് കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group