
വിഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ചടയമംഗലം നിയുക്ത എംഎല്‍എ എംഎം നസീര്‍. കെസി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ആക്രമിച്ചതായി എംഎം നസീര്‍ ആരോപിച്ചു. അതിനായി പിആര്‍ വര്‍ക്ക് നടത്തി. മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മാനിക്കാതെയാണ് നേതാക്കളെ ആക്രമിച്ചതെന്നും എംഎം നസീര്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ മികച്ച നേതാവാക്കുന്നതില്‍ പങ്കുവഹിച്ച നേതാവാണ് കെസി വേണുഗോപാല്‍. അദ്ദേഹത്തെ വ്യക്തിപരമായി വരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി. അത് പാര്‍ട്ടി അന്വേഷിക്കണം. വിഡി സതീശനായുള്ള പ്രചരണത്തില്‍ ചില ഘടകകക്ഷികളും വീണു. എന്‍എസ്എസും എസ്എന്‍ഡിപിയുമെല്ലാം അത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ കേന്ദ്രീകൃത ശക്തികളുണ്ടെന്നും എംഎം നസീര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വിഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം വരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. അതിന് പിന്നാലെയാണ് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.






