Spread the love

നിയുക്ത മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ അമര്‍ഷവുമായി എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കീഴ്വഴക്കങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ തീരുമാനമെടുക്കാന്‍ ആയിരുന്നെങ്കില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് കീഴടങ്ങിയെന്ന് സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ‘ഭരണാധിപത്യ ധ്വംസനമാണ് നടന്നത്. കീഴ്‌വഴക്കങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഈ തീരുമാനമെടുക്കാന്‍ ആയിരുന്നെങ്കില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ല. ഒരു മാനദണ്ഡവും സ്വീകരിച്ചില്ല. ജനാധിപത്യ രീതി പാലിച്ചില്ല. ലീഗ് ഭരണത്തില്‍ പിടിമുറുക്കും. സാദിഖലി തങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. ഞങ്ങളുടെ അഭിപ്രായം അതല്ല എന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

video
play-sharp-fill

സാമൂഹ്യ നീതി നടപ്പാക്കുമെന്നതിന് സാധ്യത കുറവാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ലീഗിന് വര്‍ഗീയത എന്ന് പറയുമ്പോള്‍ തന്നെ അമര്‍ഷമാണെന്നും എന്നാല്‍ കാണിക്കുന്നതെല്ലാം ഇതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഫലം വന്ന് പത്താം ദിവസമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.